Wednesday, April 22, 2026

തൃശ്ശൂർ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം; ആചാരപരമായ ചടങ്ങുകളും കുടമാറ്റവും നടത്താം

Spread the love

തൃശ്ശൂർ: തൃശ്ശൂർ പൂരത്തില്‍ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വത്തിന്റെ നിർദേശം.

video
play-sharp-fill

 

മുൻപ് 2006ല്‍ വെടിക്കെട്ട് അപകടം നടന്നപ്പോള്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായി സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയർന്നുവന്നതെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഈ തീരുമാനങ്ങള്‍ നാളെ നടക്കുന്ന യോഗത്തിലും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

 

 

 

 

2006 ല്‍ പാറമേക്കാവുമായി ബന്ധപ്പെട്ട് പരിസരത്ത് ഒരു വെടിക്കെട്ട് അപകടം നടന്നു. അന്ന് പൂരവും കുടമാറ്റവും ഭംഗിയായിട്ട് നടന്നു. വെടിക്കെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടായിരുന്നു. ആ ഒരു സാഹചര്യം ഉണ്ടാവണമെന്ന പൊതുവികാരമാണ് ഇന്നത്തെ മീറ്റിങ്ങിലുണ്ടായത്.- പാറമേക്കാവ് ദേവസ്വം അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

2006 ല്‍ അപകടമുണ്ടായ സമയത്ത് കുടമാറ്റമടക്കമുള്ള എല്ലാ കാര്യങ്ങളും നടന്നു. വെടിക്കെട്ട് പ്രതീകാത്മകമായിട്ട് എന്തെങ്കിലും ചെയ്യണം. എന്നാല്‍ നിർമിച്ച പടക്കങ്ങള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെടുക്കേണ്ടതുണ്ടെന്നും അറിയിച്ചു. 75 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. പലരുടെയും ഒൻപത് മാസത്തെ പ്രവർത്തനമാണ്. അതിനാല്‍ ആചാരങ്ങള്‍ എല്ലാം നടത്തണമെന്നാണ് പൊതുവികാരം. നാളത്തെ യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പാറമേക്കാവ് പ്രതിനിധികള്‍ കൂട്ടിച്ചേർത്തു.

 

 

 

 

വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശ്ശൂർ കളക്ടറേറ്റിലാണ് യോഗം നടക്കുന്നത്. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ആ യോഗത്തില്‍ പൂരവുമായി ബന്ധപ്പെട്ട തുടർനടപടികള്‍ എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും.

 

 

 

 

പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ടുസാമഗ്രികള്‍ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയില്‍ കഴിഞ്ഞ ദിവസമാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. 14 പേർ ഇതിനകം മരിച്ചു. 12 പേർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ അഞ്ചുപേർക്ക് 70 ശതമാനത്തിലധികം പൊള്ളലുണ്ട്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്‌ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടർന്നു.