
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി എൻ പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതാപന്റെ ആവശ്യം.
മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) ലംഘിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഭരണഘടനയുടെ ആർട്ടിക്കിള്‍ 32 പ്രകാരം റിട്ട് ഹർജി ഫയല്‍ ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രില്‍ 18 ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ച പ്രധാനമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നല്‍കണമെന്നും, സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു.
വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കോണ്‍ഗ്രസ്, ടി എം സി, ഡി എം കെ തുടങ്ങിയ പാർട്ടികള്‍ക്കെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനമാണ് ഉയർത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ദൂരദർശൻ പോലുള്ള സർക്കാർ മാധ്യമങ്ങള്‍ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന പെരുമാറ്റച്ചട്ടം ഇവിടെ ലംഘിക്കപ്പെട്ടതായി ഹർജി ചൂണ്ടിക്കാട്ടുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി.









