
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണം. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവർ, ഗർഭിണികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം.
കടുത്ത ചൂടില്‍ ഇഴജന്തുക്കള്‍ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി പാർപ്പിടങ്ങള്‍ക്കകത്തേക്കും എത്താൻ സാധ്യതയുണ്ട്. തൃശൂർ കോടാലിയില്‍ ഉറക്കത്തിനിടെ പാമ്ബ് കടിയേറ്റ് എട്ടു വയസ്സുകാരൻ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ആ കുഞ്ഞിനുണ്ടായ ദുരന്തത്തില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും നാടിന്റെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു.
അത്യുഷ്‌ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കും എന്ന് സൂചിപ്പിക്കുന്ന ഒരു അനുഭവമാണിത്. ചൂടില്‍ നിന്ന് രക്ഷ നേടാൻ ജലാശയങ്ങളിലും പുഴകളിലും കുട്ടികള്‍ കുളിക്കാൻ പോകാറുണ്ട്. അവിടങ്ങളിലും നല്ല തരത്തിലുള്ള ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന ജാഗ്രതാ നിർദ്ദേശങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് ഈ കഠിനമായ വേനല്‍ക്കാലത്തെ നമുക്ക് സുരക്ഷിതമായി മറികടക്കാം’.







