
കാഴ്‌ചയില്ലാത്ത ഭര്‍ത്താവിന് ജീവിതത്തിലെ ഓരോ ചുവടിലും താങ്ങായി നിന്നവളായിരുന്നു റുഖിയ. വിനോദയാത്രയ്‌ക്കും അതേ സ്‌നേഹബന്ധത്തിന്റെ കരുത്തിലാണ് അവള്‍ കൂടെ പോയത്.
എന്നാല്‍, ആ യാത്ര അവരുടെ അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല. ജീവിതത്തില്‍ കൈകോര്‍ത്തു നടന്ന ഇരുവര്‍ക്കും മക്കളില്ല ,മരണത്തിലേക്കും അവര്‍ ഒരുമിച്ചാണ് യാത്രയായത്.
ഇരുകണ്ണുകള്‍ക്കും കാഴ്‌ചയില്ലാത്ത മജീദ് മാഷ്, സ്വന്തം പരിമിതികളെ മറികടന്ന് വിദ്യാര്‍ത്ഥികളുടെ ഹൃദയങ്ങളില്‍ വെളിച്ചമായി മാറിയ അധ്യാപകനായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അദ്ദേഹത്തിന്റെ അകക്കണ്ണിന്റെ വെളിച്ചം കുട്ടികളുടെ ജീവിതത്തിലേക്ക് പകരുന്ന ഒരു പ്രചോദനമായിരുന്നു. മീനാര്‍കുഴി ജി.എല്‍.പി സ്‌കൂളില്‍ സേവനം ആരംഭിച്ച അദ്ദേഹം, പിന്നീട് വിവിധ വിദ്യാലയങ്ങളില്‍ സേവനം അനുഷ്‌ഠിച്ച്, അവസാനം പാങ്ങ് ജി.എല്‍.പി സ്‌കൂളില്‍ പ്രിയപ്പെട്ട അധ്യാപകനായി മാറുകയായിരുന്നു.
ഒരുമാസം മുമ്പ് പുതിയ വീട്ടില്‍ താമസം തുടങ്ങി, റമദാനും പെരുന്നാളും ആഘോഷിച്ച് സന്തോഷത്തോടെ ജീവിച്ചു തുടങ്ങുന്ന വേളയിലാണ് ദുരന്തം ആ കുടുംബത്തെ തകര്‍ത്തത്.
മക്കളില്ലാത്ത ഇവര്‍, ഒരുമിച്ചുള്ള ജീവിതത്തില്‍ സന്തോഷം കണ്ടെത്തിയവരായിരുന്നു. എവിടേക്കും ഒരുമിച്ച് പോകുന്ന പതിവായിരുന്നു.
കാഴ്‌ചയില്ലാത്ത മജീദ് മാഷിന് എല്ലായിടത്തും കൂട്ടായിരുന്നത് റുഖിയ തന്നെയായിരുന്നു.ഇന്ന് ആ പുതുവീട് അനാഥമാണ്.
നിശ്ശബ്‌ദമായി അടഞ്ഞുകിടക്കുന്നു. അവിടെ ഇനി ഓര്‍മ്മകളാണ് മാത്രം. കാഴ്‌ചപരിമിതിയുള്ള സഹോദരിമാരാണ് നേരിട്ടുള്ള ബന്ധുക്കളായിട്ടുള്ളത്. ഈ നഷ്‌ടം അവര്‍ക്കും സഹിക്കാന്‍ പറ്റാത്തതായിത്തീര്‍ന്നിരിക്കുന്നു.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊള്ളാച്ചി ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം രാവിലെ ഒന്‍പത് മണിയോടെ പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചു.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നായി ആയിരങ്ങള്‍ എത്തി, കണ്ണീരോടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. ജീവിതകാലം പരസ്‌പരം താങ്ങായിരുന്ന രണ്ട് ഹൃദയങ്ങള്‍, അവസാന യാത്രയിലും ഒരുമിച്ച് തന്നെ.



