കോട്ടയം നഗരമധ്യത്തിലെ കയ്യേറ്റങ്ങൾ: അനധികൃത കയ്യേറ്റങ്ങൾ പെരുകിയിട്ടും നഗരസഭ അധികൃതർക്ക് കുലുക്കമില്ല; എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന പ്രഖ്യാപനവുമായി കെ.എസ്.ടി.പി
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ സ്വന്തം കൺമുന്നിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും റോഡ് അടക്കം കയ്യേറിയിട്ടും നഗരസഭ അധികൃതർക്ക് കുലുക്കമില്ല. റോഡും നഗരസഭയുടെ കെട്ടിടങ്ങളും അടക്കം കയ്യേറിയാണ് പല സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ, ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ പലപ്പോഴും നഗരസഭ അധികൃതർക്ക് സാധിക്കാറില്ല. പണം നൽകി അനധികൃത നിർമ്മാണ പ്രവർത്തനങ്ങളെ പലപ്പോഴും മൂടിവയ്ക്കുകയാണ് കയ്യേറ്റക്കാർ ചെയ്യുന്നത്.
നഗരമധ്യത്തിൽ ടിബി റോഡിലും മാർക്കറ്റ് റോഡിലുമടക്കമാണ് കയ്യേറ്റങ്ങൾ കൂടുതലായും ഉളളത്. നഗരമധ്യത്തിലെ ടിബി റോഡിലും, എംഎൽഎ റോഡിലും പല സ്ഥാപനങ്ങളും റോഡിലേയ്ക്കിറക്കിയാണ് തങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. റോഡിന്റെ വീതി നഷ്ടമാകുന്നതിനാണ് ഈ കയ്യേറ്റങ്ങൾ ഇടയാക്കുന്നത്. പ്രതിദിനം നഗരസഭ അംഗങ്ങളും ജീവനക്കാരും അടക്കമുള്ളവർ ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ, ഇവരാരും തന്നെ ഈ കയ്യേറ്റങ്ങൾ കണ്ടാതായി പോലും നടിക്കുന്നില്ല.
കോഴിച്ചന്തറോഡിലും മാർക്കറ്റ് റോഡിലും രാത്രിയിൽ കടന്നു പോകുന്നവർക്കറിയാം റോഡിന്റെ വീതി. പക്ഷേ, പകൽ സമയത്ത് ഈ റോഡിലൂടെ കടന്നു പോകുന്നവർക്ക് ഈ വീതി അനുഭവപ്പെടുന്നില്ല. നഗരമധ്യത്തിലെ റോഡുകളിലെല്ലാം ചെറിയ ഉന്തുവണ്ടിക്കച്ചവടക്കാരും, കടകളിലെ സാധനങ്ങൾ ഇറക്കി വച്ചു കയ്യേറിയിരിക്കുകയാണ്. സ്വകാര്യ ബസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ അനധികൃത കയ്യേറ്റം നടക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ റോഡിന്റെ വീതിയെ തന്നെ ഇല്ലാതാക്കുകയാണ്.
ടിബി റോഡിൽ ചള്ളിയിൽ റോഡിലും, കെ.എസ്.ആർ.ടി.സിയ്ക്ക് സമീപം തീയറ്ററർ റോഡിലും അനധികൃത കയ്യേറ്റങ്ങൾ വ്യാപകമാണ്. തീയറ്റർ റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾക്കായി സാധന സാമഗ്രികൾ റോഡിലാണ് ഇറക്കുന്നത്. കമ്പിയും സിമന്റും അടക്കമുള്ളവ റോഡിലിറക്കി, റോഡിന്റെ ഒരു ഭാഗം തങ്ങളുടേതാണ് എന്ന് വരുത്തി തീർക്കുകയും ഈ സ്ഥലം കയ്യേറുകയുമാണ് ഇവർ ലക്ഷ്യമിടുന്നതെന്ന സൂചനയും ലഭിക്കുന്നുണ്ട്.
എം.സി റോഡിലാണ് മറ്റൊരു അനധികൃത കയ്യേറ്റം നടക്കുന്നത്. എം.സി റോഡിൽ കോടിമത നാലുവരപ്പാതയ്ക്കു ഇരുവശത്തും ചിങ്ങവനം വരെയുള്ള ഭാഗത്തും അനധികൃതമായി ചെറിയ തട്ടുകൾ നിർമ്മിച്ച ശേഷം സ്ഥലം കോൺക്രീറ്റ് ചെയ്ത കാലക്രമേണെ കയ്യേറുന്ന പതിവുണ്ട്. പലരും ഇത്തരത്തിൽ സ്ഥലം കയ്യേറുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചെങ്ങന്നൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള സ്ഥലങ്ങളിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ കെ.എസ്.ടി.പി ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഈ കയ്യേറ്റക്കാർക്ക് കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്.