
ഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും.
യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും.
കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികള്‍ക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലക്കേസില്‍ അഞ്ചാം ദിവസത്തെ വാദമാണ് ഇന്ന് നടക്കുന്നത്. മുതിർന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാൻ എന്നിവരാണ് ഇന്ന് പ്രധാനമായി വാദം ഉന്നയിക്കാൻ പോകുന്നത്. കേസിലെ കക്ഷിയായ ബോറ സമുദായത്തിനായിട്ടാണ് ഗോപാല്‍ സുബ്രഹ്മണ്യം വാദങ്ങള്‍ നിരത്താൻ പോകുന്നത്.
ഇരുവരുടെയും വാദങ്ങള്‍ പൂർത്തിയാല്‍ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയ്ജീപ് ഗുപ്ത ഇന്ന് വാദിച്ചേക്കും. സംസ്ഥാനസർക്കാരിനെ സംബന്ധിച്ചിടത്തോളം യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണമോ എന്നതില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ല.
യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവെച്ചത്.
യുവതിപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഒപ്പം സുപ്രീംകോടതി വിധിയില്‍ ഭക്തരായ സ്ത്രീകള്‍ തന്നെ എതിർപ്പുയർത്തിയെന്ന സൂചനയും സർക്കാർ സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നു.



