
ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്നാണ് പി.ബി വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഓണ്‍ലൈനായിട്ടാണ് യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായി ഏകീകരിക്കപ്പെട്ടിട്ടില്ല. ചില മണ്ഡലങ്ങളില്‍ ക്രൈസ്തവ, മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ട്രെന്‍ഡായി രൂപപ്പെട്ടിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ചില മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇടത് മുന്നണിക്ക് അനുകൂലമായും പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പി.ബി വിലയിരുത്തുന്നത്.
സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി 75 സീറ്റില്‍ അധികം നേടി അധികാരത്തില്‍ വരാനുള്ള സാദ്ധ്യതയാണുള്ളതെന്നും നേതൃത്വം കണക്ക് കൂട്ടുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2011ലേതിന് സമാനമായിരിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു. നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്താനുള്ള സാദ്ധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നേരിയ ഭൂരിപക്ഷത്തിലായിരിക്കുമെന്നാണ് പ്രീ പോള്‍ സര്‍വേകളിലും നേരത്തെ അഭിപ്രായം ഉയര്‍ന്നത്.



