
തിരുവനന്തപുരം: റോഡരികിൽ മാലിന്യം തള്ളുന്നവർക്കായി ഇനി ‘ഹൈടെക് കണ്ണ്’ തുറക്കുന്നു. സംസ്ഥാനത്ത് മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഒരുക്കുന്ന പുതിയ സംവിധാനമാണ് ശ്രദ്ധേയമാകുന്നത്.
സി-ഡിറ്റും കെ-ഫോണും കൈകോർക്കുന്ന ഈ പദ്ധതിയിലൂടെ മാലിന്യം തള്ളുന്ന ഹോട്ട്സ്പോട്ടുകൾ ഇനി കർശന നിരീക്ഷണത്തിലാണ്. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ അത്യാധുനിക ക്യാമറകൾ സ്ഥാപിച്ച്, ഓരോ ചലനവും രേഖപ്പെടുത്തും. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം കൈമാറാൻ കെ-ഫോൺ അതിവേഗ ഇന്റർനെറ്റ് സൗജന്യമായി നൽകും.
വടക്കാഞ്ചേരി, പന്നിയന്നൂർ, പട്ടണക്കാട് പഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ലഭിക്കുന്ന ഫലങ്ങൾ വിലയിരുത്തിയ ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്പ് തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ടിരുന്ന നിയമലംഘകർക്ക് ഇനി വഴിയില്ല. ക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ച് കുറ്റക്കാരെ വേഗത്തിൽ തിരിച്ചറിയുകയും കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇതിനായി പൊലീസും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി പ്രവർത്തിക്കും.
മാലിന്യ സംസ്കരണത്തിൽ പൊതുജനങ്ങളുടെ ഉത്തരവാദിത്വം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശുചിത്വ കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനത്തെ കൂടുതൽ അടുത്തുകൊണ്ടുപോകുന്ന ഈ ഹൈടെക് നീക്കം, പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനും വലിയ പങ്കുവഹിക്കും.



