
തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തിന് വിവാഹ സമയത്ത് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണെന്ന് കെ മുരളീധരൻ.
വിവാഹത്തിന് നേതൃത്വം നല്കിയ സിപിഎം നേതാക്കളെ മുരളീധരൻ പരിഹസിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് താമര വിരിയുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ ജ്യോത്സ്യനല്ലെന്നും മുരളീധരൻ മറുപടി പറഞ്ഞു.
‘പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് നടപടി എടുക്കേണ്ടത് സർക്കാരാണ്. മദ്ധ്യപ്രദേശ് സർക്കാരാണ് കേസെടുത്തിരിക്കുന്നത്. ഈ വിവാഹത്തിന് മദ്ധ്യപ്രദേശ് സർക്കാർ എതിരായിരുന്നു എന്നതാണോ യാഥാർത്ഥ്യം? യഥാർത്ഥ രേഖ ഏതാണ് എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ നാല് വോട്ടിനായി ചാടിക്കയറി അഭിപ്രായം പറയുന്നത് ശരിയല്ല. ഗോവിന്ദൻ മാഷ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആവേശം കാണിച്ചതായിരിക്കും. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിക്കണം. നാല് വോട്ടിന് വേണ്ടി ചാടിക്കേറി അഭിപ്രായം പറയരുത് ‘ – കെ മുരളീധരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നാണ് ഇന്നലെ മദ്ധ്യപ്രദേശ് പൊലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തി.
വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷന്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മദ്ധ്യപ്രദേശിലെ ആശുപത്രി രേഖകളില്‍ വ്യക്തമാണ്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തില്‍ കേരള, മദ്ധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നല്കി.







