
ഏറ്റുമാനൂർ: എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവന്റെ വിജയമുറപ്പിച്ച് നഗരത്തിൽ സംഘടിപ്പിച്ച കൊട്ടിക്കലാശം വിജയവിളമ്പരമായി. ഏറ്റുമാനൂർ നഗരഹൃദയത്തിലേക്ക് നാട് ഒഴുകിയെത്തിയപ്പോൾ ആവേശം അണപൊട്ടി. ചെങ്കൊടികൾ നിറഞ്ഞാടി നാട് ചെങ്കടലായി മാറി.
ഏറ്റുമാനൂർ നഗരസഭ, മാന്നാനം, അതിരമ്പുഴ, നീണ്ടൂർ പ്രദേശങ്ങളിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ റോഡ് ഷോ ആയി ഏറ്റുമാനൂർ കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഒത്തുകൂടി. തുറന്ന വാഹനത്തിൽ സ്ഥാനാർഥി അഭിവാദ്യം ചെയ്‌തു.
കണ്ണെത്താ ദൂരത്തോളം അണിനിരന്ന വാഹനങ്ങൾ ജാഥയായി സെൻട്രൻ ജങ്‌ഷനിൽ സംഗമിച്ചു. വാദ്യമേളങ്ങളും കൊട്ടക്കാവടിയും കൊട്ടിക്കാലാശത്തിന് മിഴിവേകി. ഡിജെയും തീപ്പാട്ട് സംഘത്തിന്റെ സംഗീതവിരിന്നും ആവേശം തീർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥാനർഥിയുടെ വിജയത്തിനായി ഉയർന്ന മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു. ഏഴരപ്പൊന്നാനയുടെ നാട്ടിൽ ആവേശപ്പൂരം തീർത്തു പ്രവർത്തകർ.
അതേസമയം എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കൊട്ടിക്കലാശം സംഘടിപ്പിച്ചു. വൈകിട്ട് നാലോടെ ആരംഭിച്ച കൊട്ടിക്കലാശം ആറോടെ സമാപിച്ചു.
പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ചൊവ്വാഴ്‌ച രാവിലെ പതിവ് പോലെ ഭവന സന്ദർശനങ്ങളിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്.
ബാർ അസോസിയേഷൻ അംഗങ്ങളുടെ സ്വീകരണത്തിൽ പങ്കെടുത്തു. അതിരമ്പുഴ ഏറ്റുമാനൂർ ഭാഗങ്ങളിലായിരുന്നു പ്രധാനമായും കേന്ദ്രീകരിച്ചത്.
നഗരത്തിൽ വ്യാപാര കേന്ദ്രങ്ങളിൽ വോട്ട് അഭ്യർഥിച്ചു. മണ്ഡലമാകെ നിറഞ്ഞ് നിന്ന പര്യടനത്തിൽ സ്ഥാനാർഥിക്ക് ലഭിച്ച സ്വീകരണങ്ങൾ വിജയമുറപ്പിക്കുന്നതായിരുന്നു.



