
മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചാരണം നടത്തിയെന്നാരോപിച്ച് ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും മതം ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലും ബോര്‍ഡ് സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് എല്‍ഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി സുമേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വര്‍ഗീയ നിലപാട് തുടരുകയും നിരന്തരം തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീകരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ശ്രീകൃഷ്ണ ഭഗവാന്റെ കാമുകിയായ രാധയോട് സ്ത്രീകളെ ഉപമിക്കുകയും ഗോപാലകൃഷ്ണന്‍ എന്ന പേര് ദുരുപയോഗം ചെയ്ത് ദൈവമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്യുന്ന തരത്തിലുളള ടെലിഫോണ്‍ കോളുകളിലൂടെ മണ്ഡലത്തിലെ സ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സി സുമേഷ് പരാതിയില്‍ പറയുന്നുണ്ട്. ഈ നടപടി തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്നും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കമ്മീഷനോട് ആവശ്യപ്പെട്ടു.


