
തൃശൂർ: ഗുരുവായൂരില്‍ വീണ്ടും വിവാദഫ്ലക്സുമായി എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. 1977 മുതല്‍ 2021 വരെയുള്ള ഗുരുവായൂരിലെ എംഎല്‍എമാരുടെ പേരുകള്‍ പ്രദർശിപ്പിക്കുന്നതാണ് ഫ്ലക്സ്.
പട്ടികയിലുള്ളവരെല്ലാം മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. ഗുരുവായൂരില്‍ മുസ്ലീം സമുദായത്തിലുള്ളവരെ മാത്രമേ മുന്നണികള്‍ മത്സരിപ്പിക്കാറുള്ളുവെന്ന ഗോപാലകൃഷ്ണന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി അറിയിക്കാൻ രണ്ടുമാസത്തെ സമയമാണ് കോടതി നല്‍കിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് പരാമർശത്തെ പിന്തുണയ്ക്കുന്നവിധമുള്ള ഫ്ലക്സ് ബോർഡുകൂടി സ്ഥാപിച്ചത്.
’50 വർഷത്തെ അവഗണന, ഇതു മാറണം, മാറ്റത്തിനായി ഒരു വോട്ട്’ എന്നാണ് ഫ്ലക്സിലുള്ളത്. ഗുരുവായൂരിലെ രാഷ്ട്രീയ കുത്തക അവസാനിപ്പിക്കണമെന്നും എങ്കില്‍ മാത്രമെ മേഖലയില്‍ വികസനം സാദ്ധ്യമാകുവെന്നുമാണ് വിഷയത്തില്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഗുരുവായൂരിലെ കുത്തക അവസാനിപ്പിക്കണം. കുത്തക നിലനില്ക്കുന്നതുകൊണ്ടാണ് ഇവിടെ വികസനം ഇല്ലാത്തത്. ഗുരുവായൂരില്‍ വരുന്ന ആളുകള്‍ ചാവക്കാട് കടപ്പുറത്തേക്കുകൂടി വന്നാല്‍ ടൂറിസ്റ്റ് ഹബായി ഇവിടം മാറും. അങ്ങനെയുണ്ടായാല്‍ ചാവക്കാട് സ്വദേശികള്‍ക്ക് വലിയ പ്രയോജനമാകും. എന്തുകൊണ്ടാണ് നിരന്തരമായി ജയിക്കുന്ന, കുത്തക തുടർന്നുകൊണ്ടിരിക്കുന്ന ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കാത്തത്’- ബി ഗോപാലകൃഷ്ണൻ ചോദിച്ചു.
ഫ്ലക്സ് ബോർഡിന് എന്താണ് പ്രശ്നമെന്നും ഗുരുവായൂരിലെ അമ്പത് വർഷത്തെ ചരിത്രമാണ് അതില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കേസുകൊടുക്കുകയാണെങ്കില്‍ അത്തരം കാര്യങ്ങളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
ബിവിഎസ് തങ്ങള്‍, പി കെ കെ ബാവ, പിഎം അബുബക്കർ, പി ടി കുഞ്ഞുമുഹമ്മദ്, കെ വി അബ്ദുള്‍ ഖാദർ, എൻ കെ അക്ബർ തുടങ്ങിയവരാണ് 50 വർഷത്തിനിടയില്‍ ഗുരുവായൂരില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎ.എമാർ, ഇതില്‍ പി കെ കെ ബാവയും കെ വി അബ്ദുള്‍ ഖാദർ മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട്.



