
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്ക് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കല്ല് തെറിച്ചുവീണുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികനായ ബിഡിഎസ് വിദ്യാർഥിയുടെ ആശ്രിതർക്ക് അദാനി പോർട്ട്സ് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കിയതായി ജില്ലാ കലക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മരിച്ചയാളുടെ കുടുംബത്തിന് നല്കിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങള്‍ സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കലക്ടർക്ക് നിർദ്ദേശം നല്‍കിയിരുന്നു.
ഇതിനാണ് മറുപടിയെത്തിയത്. 2024 മാർച്ച് 19 ന് വിഴിഞ്ഞം – ബാലരാമപുരം റോഡില്‍ മുക്കോല പെട്രോള്‍ പമ്പിന് സമീപം ലോറി കുഴിയില്‍ വീണ സമയത്ത് പാറ തെറിച്ച് മോട്ടോർ സൈക്കിള്‍ യാത്രക്കാരനായിരുന്ന അനന്തുവിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് കടബാധ്യതകള്‍ ഉണ്ടെന്നും കുടുംബത്തിലെ ഏക പ്രതീക്ഷയായിരുന്നു അനന്തുവെന്നും കലക്റ്റർ കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും പരമാവധി സഹായം അനുവദിക്കുന്നതിനും അനന്തുവിന്റെ സഹോദരിക്ക് സർക്കാർ ജോലി നല്‍കുന്നതിനും സർക്കാരിലേക്ക് ശുപാർശ നല്കിയിട്ടുള്ളതായും മറുപടിയിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് നടപടികള്‍ പൂർത്തിയായ സാഹചര്യത്തില്‍ തീർപ്പാക്കി.അനന്തുവിന്റെ വീട്ടില്‍നിന്ന് വെറും 500 മീറ്റർ മാത്രം അകലെയാണ് അപകടം നടന്നത്. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയില്‍ 4-ാം വർഷ ബിഡിഎസ് വിദ്യാർഥിയായ അനന്തു കോളെജിലേക്കു പോകുകയായിരുന്നു സംഭവസമയം.പൊലീസ് ഇരുപത്തിയഞ്ചോളം തവണ പെറ്റിക്കേസെടുത്ത് പിഴയീടാക്കിയിട്ടുള്ള ടിപ്പർ ലോറിയാണ് അനന്തുവിന്റെ ജീവനെടുത്തതെന്നായിരുന്നു അന്ന് കണ്ടെത്തിയത്. ലോറിയുടെ അതിവേഗവും മോശം റോഡുമാണ് അപകട കാരണമെന്നും മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. മരിച്ച അനന്തുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടപ്പോള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചിരുന്നു.



