
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലും ബിജെപി സീൽ വിവാദത്തിലും വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്നും, അഭിമുഖത്തിലെ മോശം കമന്റുകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തിലെ ചില കമന്റുകൾ അശ്ലീലവും അപകൃതവുമായ ഭാഷയിലായതിനാലാണ് പൊലീസ് ഇടപെട്ടതെന്ന് ഖേൽക്കർ വ്യക്തമാക്കി. കമന്റുകൾ നീക്കം ചെയ്യുന്നതിനിടെ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നും, അഭിമുഖത്തിന്റെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐടി ആക്ട് പ്രകാരം പൊലീസിന് നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ടെന്നും, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മെറ്റയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീക്കം ചെയ്ത വീഡിയോകളുടെ കണക്ക് നിലവിൽ ലഭ്യമല്ലെന്നും, സൈബർ പൊലീസിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും ഖേൽക്കർ വ്യക്തമാക്കി. പൊലീസ് നടപടിയിൽ പരാതി ഉണ്ടെങ്കിൽ പരിഹാര സംവിധാനമുണ്ടെന്നും, ചട്ടലംഘനം ഉണ്ടായാൽ ഇടപെടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി സീൽ പതിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം തുടർ നടപടി സ്വീകരിക്കുമെന്നും ഖേൽക്കർ പറഞ്ഞു. സീൽ എങ്ങനെ വന്നുവെന്നത് പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനുപുറമെ, ദൂരദർശൻ–സിപിഐ അഭിമുഖ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും, പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ഖേൽക്കർ വ്യക്തമാക്കി.



