
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ മർക്കാപുരത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ചികിത്സാ സഹായവും നൽകുമെന്ന് അറിയിച്ചു. യാത്രക്കാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി.
ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. ഹൈദരാബാദിൽ നിന്ന് കാനിപാകത്തേക്ക് തീർത്ഥാടകരുമായി പോയിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ബസിൽ 40 ഓളം യാത്രക്കാരുണ്ടായിരുന്നു. സംഭവത്തിൽ 13 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങളും കത്തിനശിച്ചു. പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞും ഡ്രൈവർ ഉറങ്ങിപ്പോയതുമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹൈവേ പോലീസ് സ്ഥലത്തെത്തി കത്തിനശിച്ച വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


