
മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവിനെ ഉയർത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങള്‍ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പറഞ്ഞു.
കപ്പിനും ചുണ്ടിനും ഇടയില്‍ സ്ഥാനങ്ങള്‍ പോയ കാലത്തും കലഹിച്ചിട്ടില്ല. പിണറായി പരിണിത പ്രജ്ഞനായ നേതാവാണ്. ശൈലിയോടും നയത്തോടും മാത്രമാണ് എതിർപ്പെന്നും സതീശൻ വ്യക്തമാക്കി.
സിപിഎമ്മിലെ പോലെ ഒരു വടംവലിയും കോണ്‍ഗ്രസില്‍ ഉണ്ടാവില്ല. ജയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സിപിഎമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ആരുമില്ല. എന്നാല്‍, കോണ്‍ഗ്രസില്‍ കൂട്ടായ നേതൃത്വത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് സതീശൻ പറഞ്ഞു. കോണ്‍ഗ്രസില്‍ തർക്കമില്ലെന്നും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമായും ധാരണയുണ്ട്. ജയിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, 85 സീറ്റുകളില്‍ ഒരേയൊരു പേരാണ് നേതാക്കള്‍ ചേർന്ന് നല്‍കിയതെന്നും സതീശൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, മുൻകാലങ്ങളില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എനിക്ക് കിട്ടിയത് പോലും ലഭിക്കാത്തവരുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ അംഗമാകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അത് നടക്കാത്തത്തില്‍ വിഷമമുണ്ടായി. നഷ്ടപ്പെട്ടതിനെ ഓർത്ത് സങ്കടമില്ല. ഞാനിപ്പോള്‍ സംതൃപ്തനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് വിഡി സതീശൻ നല്‍കിയത്. പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമടയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉറപ്പായും ഉണ്ടാക്കുമെന്നും അവിടത്തെ പാവപ്പെട്ടവര്‍ നല്‍കിയ പണമാണ് കെട്ടിവെയ്ക്കുന്നതെന്നും വിഡി സതീഷൻ പത്രിക സമര്‍പ്പണത്തിന് മുന്‍പായി പ്രതികരിച്ചു.



