play-sharp-fill
വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്തു: മന്തൻ ജോർജ് അറസ്റ്റിൽ

വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്തു: മന്തൻ ജോർജ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് ബീഡികൾ വിതരണം ചെയ്യുന്ന കഞ്ചാവ് വിൽപനക്കാരനെ നഗരമധ്യത്തിൽ നിന്നും എക്സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി ചുള്ളിക്കൽ വീട്ടിൽ സി.എം ജോർജി (മന്തൻ ജോർജ് – 52)നെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ എക്സൈസ് സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും പിടികൂടിയത്. വിദ്യാർത്ഥികൾക്കു നൽകാനുള്ള ഒൻപത് കഞ്ചാവ് ബീഡികളും, നാൽപത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
നഗരമധ്യത്തിൽ ഫുട്പാത്തുകളിലെ കച്ചവടക്കാർക്കൊപ്പം ഇരുന്നാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇയാളുടെ ഇടപാടുകാരിൽ ഏറെയും. കഞ്ചാവ് വാങ്ങാൻ എത്തുന്ന വിദ്യാർത്ഥികൾക്കു അൻപത് രൂപ നിരക്കിൽ ഒരു ബീഡിയാണ് ഇയാൾ നൽകിയിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ സജികുമാർ, പ്രിവന്റീവ് ഓഫിസർമാരായ രാജേഷ്, രാജീവൻ, ജോ.എക്സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ കെ.എൻ സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.അജിത്, കെ.എൻ അജിത്, നാസർ, ഷിജു, വനിതാ സിവിൽ എക്സൈസ് ഓഫിസർ വീണ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.