
ദുബായ്: യുഎഇയില്‍ തുടരുന്ന അസ്ഥിര കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും എയർലൈനുകളും യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി.
മാർച്ച് 23 മുതല്‍ 27 വരെ നീണ്ടുനില്‍ക്കുന്ന പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചേക്കാമെന്നതിനാലാണിത്.
ഷാർജ എയർപോർട്ട്
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനങ്ങള്‍ വൈകാനോ സമയക്രമത്തില്‍ മാറ്റം വരാനോ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയം സ്ഥിരീകരിക്കണമെന്ന് ഷാർജ എയർപോർട്ട് അധികൃതർ അറിയിച്ചു.
ദുബായ് വിമാനത്താവളങ്ങള്‍
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അധിക സമയം മുൻകൂട്ടി കരുതി നേരത്തെ ഇറങ്ങണം. റോഡുകളിലെ കാഴ്ചാ പരിധി കുറയാൻ സാധ്യതയുള്ളതിനാല്‍ ഡ്രൈവർമാർ ജാഗ്രത പാലിക്കണം.
യാത്രക്കാർ വിമാനത്താവളത്തില്‍ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും എത്തണമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. കണ്‍ഫേം ചെയ്ത ടിക്കറ്റ് ഉള്ളവർ മാത്രം വിമാനത്താവളത്തിലേക്ക് വരിക. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക്-ഇൻ കൗണ്ടറുകള്‍ അടയ്ക്കുമെന്നും എയർലൈൻ അറിയിച്ചു.
എയർ അറേബ്യ, എമിറേറ്റ്സ്
ഷാർജ, അബുദാബി, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്നുള്ള സർവീസുകളെ കാലാവസ്ഥ ബാധിച്ചേക്കാം. യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർ അറേബ്യ അറിയിച്ചു. വരും ദിവസങ്ങളില്‍ യാത്രയ്ക്ക് കൂടുതല്‍ സമയം മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് എമിറേറ്റ്സും നിർദ്ദേശിച്ചു.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർലൈനിന്റെ വെബ്സൈറ്റോ ആപ്പോ വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക. റോഡിലെ വെള്ളക്കെട്ടും ട്രാഫിക്കും കണക്കിലെടുത്ത് സാധാരണയേക്കാള്‍ നേരത്തെ യാത്ര തിരിക്കുക. വ്യാജ വാർത്തകള്‍ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരുകയെന്നും അധികൃതർ നിർദ്ദേശം നല്‍കി.







