play-sharp-fill
വേണമെങ്കിൽ ഡ്യൂക്ക് തലകുത്തിയും നിർത്തും..! ഈരയിൽക്കടവിലെ ബൈക്കുകാരുടെ അഭ്യാസ പ്രകടനങ്ങൾ ആരെയും ഭയപ്പെടുത്തും; ഈരയിൽക്കടവ് ബൈപ്പാസ് യുവാക്കളുടെ റേസിംങ് ട്രാക്ക്

വേണമെങ്കിൽ ഡ്യൂക്ക് തലകുത്തിയും നിർത്തും..! ഈരയിൽക്കടവിലെ ബൈക്കുകാരുടെ അഭ്യാസ പ്രകടനങ്ങൾ ആരെയും ഭയപ്പെടുത്തും; ഈരയിൽക്കടവ് ബൈപ്പാസ് യുവാക്കളുടെ റേസിംങ് ട്രാക്ക്

സ്വന്തം ലേഖകൻ
കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ എത്തിയാൽ സ്റ്റണ്ടർമാർ ബൈക്ക് തലകുത്തിയും നിർത്തി. ഒറ്റ വീലിൽ വട്ടം കറങ്ങി നാട്ടുകാരെ ഭയപ്പെടുത്തുകയാണ് ഈ റോഡിലെ സ്റ്റണ്ടിംങ് വീരൻമാരുടെ പ്രധാന ഹോബി. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സമെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ നാല് ബൈക്ക് യാത്രക്കാരായ യുവാക്കളെയാണ് മോട്ടോർ വാഹന വകുപ്പ് സംഘം പിടികൂടിയത്. തുടർന്ന് ഇവരെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്.
ഈരയിൽക്കടവ് ബൈപ്പാസിലെ പ്രകൃതി ഭംഗി തന്നെയാണ് ബൈക്ക് സ്റ്റണ്ടിംങ് വീരന്മാരായ യുവാക്കളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
റോഡിന്റെ ഇരുവശത്തും പാടശേഖരവും പച്ചപ്പും. നല്ല കറുത്ത നിറത്തിൽ ടാറുള്ള റോഡ്. റോഡിന്റെ വശങ്ങളിൽ മീഡിയനുകൾ നല്ല ഭംഗിയായി വച്ചിരിക്കുന്നു. രണ്ടു കിലോമീറ്ററോളം ദൂരം ഒറ്റയടിയ്ക്ക് കിടക്കുന്ന റോഡ്. ഇതെല്ലാം കൂടി കാണുമ്പോൾ സ്റ്റണ്ടിംങ് വീരൻമാർ ബൈക്ക് ആകാശത്തിലേയ്ക്ക് ഉയർത്തും.
ബൈക്ക് സ്റ്റണ്ട് ചെയ്യിച്ച് ചിത്രം പകർത്തലാണ് വീരന്മാരുടെ പ്രധാന പരിപാടി. പ്രകൃതി ഭംഗി കൂടി ചേരുമ്പോൾ റോഡിന്റെയും ചിത്രത്തിന്റെയും വെയിറ്റും കൂടും.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം ബൈക്കിന്റെ മുൻ ടയറുകൾ ഉയർത്തി ബൈക്ക് വീൽ ചെയ്യുന്നതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സംഘം സ്ഥലത്ത് എത്തിയതും ബൈക്ക് യാത്രക്കാരായ നാലു പേരെയും പിടികൂടിയതും. പൾസർ, ഡ്യൂക്ക്, യമഹ തുടങ്ങിയ സിസിയും പവറും കൂടിയ ബൈക്കുകളാണ് ഇവർ പ്രധാനമായും സ്റ്റണ്ടിംങിനും ചിത്രം പകർത്താനുമായി ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഈ റോഡുകളിലൂടെ ദിവസവും കടന്നു പോകുന്നത്. സായാഹ്നങ്ങൾ ആസ്വദിയ്ക്കാൻ ഈ റോഡിലേയ്ക്ക് എത്തുന്നത് മറ്റ് അനവധി കുടുംബങ്ങളും ആളുകളാണ്. ഇവർക്കെല്ലാം പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് ഈ ബൈക്ക് പ്രേമികളുടെ സ്റ്റണ്ടിംങ്.