
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രധാന മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കോടീശ്വരന്മാരാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്.
നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്ഥാനാർത്ഥികളുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങളുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയാണ് ആസ്തിയുടെ കാര്യത്തില്‍ ഒന്നാമതെങ്കില്‍, രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനാണ് മുന്നില്‍.
യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് 3.66 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ 97 ലക്ഷം രൂപ വിലമതിക്കുന്ന പാർപ്പിടഭൂമിയും ഉള്‍പ്പെടുന്നു. പിഷാരടിയുടെ കൈവശം കാല്‍ ലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവുമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സൗമ്യയ്ക്ക് 85.61 ലക്ഷം രൂപയുടെ സ്വത്തും 50 പവൻ സ്വർണ്ണവുമുണ്ട്. ആസ്തിയില്‍ മുന്നിലാണെങ്കിലും ഭവനവായ്പയുള്‍പ്പെടെ 1.67 കോടി രൂപയുടെ ബാധ്യതയും പിഷാരടിക്കുണ്ട്. ഇദ്ദേഹത്തിനെതിരെ പോലീസ് കേസുകളൊന്നുമില്ല.
എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിന് 2.70 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രധാനമായും ബിസിനസില്‍ നിന്നുള്ള വരുമാനമാണ് അദ്ദേഹത്തിന്റെ ആസ്തിയുടെ അടിസ്ഥാനം. റസാഖിന്റെ കൈവശം രണ്ട് ലക്ഷം രൂപയും ബാങ്ക് നിക്ഷേപമായി 1.38 ലക്ഷം രൂപയുമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 48 പവനും മകള്‍ക്ക് 10 പവനും സ്വർണ്ണമുണ്ട്. 28.65 ലക്ഷം രൂപയുടെ ബാധ്യതയുള്ള റസാഖിനെതിരെയും ക്രിമിനല്‍ കേസുകളൊന്നുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന് 1.95 കോടി രൂപയുടെ ആസ്തിയാണുള്ളത്. എട്ട് പവൻ സ്വർണ്ണവും സ്വന്തമായി ഇന്നോവ ക്രിസ്റ്റ കാറുമുള്ള ശോഭയുടെ കൈവശം 23,000 രൂപയാണുള്ളത്. ഭർത്താവിന്റെ പക്കല്‍ രണ്ടര പവൻ സ്വർണ്ണവുമുണ്ട്. അതേസമയം, രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട് മുപ്പതിലേറെ കേസുകളാണ് ശോഭ സുരേന്ദ്രന്റെ പേരില്‍ നിലവിലുള്ളത്.



