
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ഉള്‍പ്പെടെ 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
പാലക്കാടും പുനലൂരും കഴിഞ്ഞദിവസം താപനില 37 ഡിഗ്രി കടന്നിരുന്നു. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.പുനലൂരില്‍ കഴിഞ്ഞദിവസം 37.2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. എറണാകുളം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ താപനില 36 ഡിഗ്രി വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രണ്ടു ദിവസം കൂടി ഉയർന്ന താപനില തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, 2026 മാർച്ച് 23 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, കനത്ത ചൂടിന് നേരിയ ശമനവുമായി ഏതാനും ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



