കാലാവധി തീരാറായിരിക്കേ തിരക്കിട്ട നിയമനങ്ങൾക്ക് പൂട്ടിട്ട് ഗവർണർ;തടയിട്ട നിയമനങ്ങൾ തദ്ദേശ ഓംബുഡ്‌സ്‌മാൻ,ഇൻഫർമേഷൻ കമ്മിഷണർ,പി.എസ്.സി. അംഗങ്ങൾ,സംസ്ഥാന തിര. കമ്മിഷണർ

Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട് സർക്കാർ നടത്തിയ നിർണായക നിയമനങ്ങൾക്ക് തടയിട്ട് ഗവർണർ. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ മുതൽ തദ്ദേശസ്ഥാപന ഓംബുഡ്‌സ്‌മാൻവരെയുള്ള നിയമനങ്ങൾക്ക് ശുപാർശനൽകിയെങ്കിലും ലോക്ഭവൻ ഇവയെല്ലാം പിടിച്ചുവെച്ചിരിക്കുകയാണ്.

video
play-sharp-fill

രണ്ട് പി.എസ്.സി. അംഗങ്ങളുടെയും വിവരാവകാശ കമ്മിഷണറുടെയും നിയമനങ്ങൾക്കും ഗവർണർ രാജേന്ദ്ര ആർലേക്കർ പൂട്ടിട്ടു.

പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ പുതിയ സർക്കാർ അധികാരത്തിൽവന്നശേഷമേ പുതിയ നിയമനങ്ങൾ നടക്കാനിടയുള്ളൂ. പുതിയ സർക്കാരിന്റെ താത്പര്യമനുസരിച്ച് പുതിയ പേരുകൾ നൽകാനും കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്നും തലേന്നുമായി വിവിധ സർവകലാശാലാ ഭരണസമിതികളിലേക്കും സർക്കാർ നിയമനം നടത്തി. ഈ നിയമനങ്ങൾ അംഗീകരിച്ച് സർവകലാശാലകളും ഉത്തരവിറക്കിയിട്ടില്ല. കൊച്ചിൻ സർവകലാശാലാ സിൻഡിക്കേറ്റിലേക്കും ആരോഗ്യ സർവകലാശാലാ ജനറൽ കൗൺസിലിലേക്കും ഈരണ്ടു പേരെയാണ് നിയമിച്ചത്. കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് ഒരാളെയും.

നിയമന ഉത്തരവുകൾ സർവകലാശാലകളിൽ ലഭിക്കുമ്പോഴേക്കും പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ ഇവ നടപ്പാക്കിയുള്ള ­സർവകലാശാലാ ഉത്തരവ് വി.സി.മാർ നൽകിയിട്ടില്ല.

തടയിട്ട നിയമനങ്ങൾ

തദ്ദേശ ഓംബുഡ്‌സ്‌മാൻ

•  തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാനായി ഉപലോകായുക്തയായി വിരമിച്ച ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ നിയമിക്കാനാണ് സർക്കാർ ശുപാർശചെയ്ത‌ത്. ലോകായുക്തയായി പ്രവർത്തിച്ചവർ സർക്കാരുമായി ബന്ധപ്പെട്ട് നിയമനങ്ങൾ സ്വീകരിക്കരുതെന്നാണ് നിയമവ്യവസ്ഥ. ഇതുകാണിച്ച് ഗവർണർക്ക് പരാതിലഭിച്ചിരുന്നു

ഇൻഫർമേഷൻ കമ്മിഷണർ

•  ഇൻഫർമേഷൻ കമ്മിഷണറായി മുൻ ഡി.വൈ.എഫ്.ഐ. നേതാവ് എം. ­ഹരിലാലിന്റെ പേരാണ് സർക്കാർ നൽകിയത്. നിയമപ്രകാരം മുഖ്യമന്ത്രിയും ­പ്രതിപക്ഷ നേതാവും സ്പീക്കറും ഉൾപ്പെട്ട സമിതിയാണ് കമ്മിഷണറുടെ പേരുനൽകേണ്ടത്. എന്നാൽ, യോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല. യോഗം ­നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയും പരാതിലഭിച്ചിട്ടുണ്ട്

പി.എസ്.സി. അംഗങ്ങൾ

•  പി.എസ്.സി. അംഗങ്ങളായി കോൺഗ്രസ്-എസിന്റെ ഐ. ഷിഹാബുദ്ദീൻ, സി.പി.ഐ. പ്രതിനിധിയായി അജയകുമാർ എന്നിവരുടെ പേരുകളാണ് സമർപ്പിച്ചത്. പൊതുപ്രവർത്തകരെ പി.എസ്.സി. അംഗമായി നിയമിക്കരുതെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതിനൽകിയിരുന്നു. കൂടാതെ കോൺഗ്രസ്-എസുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും ഉയർന്നു. ഇതിനെത്തുടർന്നാണ് ലോക്ഭവൻ നിയമനം തിടുക്കത്തിൽ വേണ്ടെന്ന നിലപാടെടുത്തത്

സംസ്ഥാന തിര. കമ്മിഷണർ

•  നിയമസെക്രട്ടറി കെ.ജി. സനൽകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചതിനും ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ജില്ലാ ജഡ്ജിയായതിനാൽ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട നിയമനം ഹൈക്കോടതിയുമായി ആലോചിച്ചില്ലെന്ന പരാതിയാണ് ഉയർന്നത്