
കോട്ടയം: തെരഞ്ഞെുടപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അച്ഛനും മകനും ഒരു തെരഞ്ഞെടുപ്പില്‍ അടുത്തടുത്ത മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നും അതിന് അവസരം നല്‍കിയിരിക്കുന്നത് ബിജെപി എന്ന ദേശീയപാര്‍ട്ടിയാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഷോണ്‍ജോര്‍ജ്ജ്.
പിതാവും മകനും എന്ന നിലയ്ക്കല്ല വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരിഗണിച്ചതെന്നും പാലാ ഇത്തവണ എന്‍ഡിഎയ്ക്ക് ഒപ്പമായിരിക്കുമെന്നും പറഞ്ഞു.
രണ്ടുപേരെയും എന്തിനാണ് പരിഗണിക്കുന്നത് എന്നു ചോദിച്ചപ്പോള്‍ പി.സി.ജോര്‍ജ്ജും ഷോണ്‍ജോര്‍ജ്ജും അച്ഛനും മകനുമായിരിക്കും പക്ഷേ രണ്ടുപേരും പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരുമാണെന്നും ഷോണ്‍ജോര്‍ജ്ജ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും പി.സി. ജോര്‍ജ്ജ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗവുമാണെന്നുമായിരുന്നു മറുപടി. രണ്ടുപേരെയും രണ്ടായിട്ടാണ് പാര്‍ട്ടി പരിഗണിക്കുന്നത്. വിജയസ്ഥാനാര്‍ത്ഥികളുടെ പട്ടിക പരിഗണിക്കുമ്പോള്‍ ഏറ്റവും ഉചിതമായ കാര്യം എന്നാണ് പാര്‍ട്ടിയില്‍ നിന്നും പറഞ്ഞതെന്നും ഷോണ്‍ പറഞ്ഞു.
വലിയ വികസന സാധ്യതയുള്ള മണ്ഡലമാണ് പാലാ. പാലവും റോഡും മാത്രമല്ല ഒരു മണ്ഡലത്തിലെ വികസനം. കാര്‍ഷിക, ടൂറിസം, വിദ്യാഭ്യാസ മേഖലകളിലെ വികസനം കൂടിയുണ്ടെന്നും താന്‍ എംഎല്‍എ ആയാല്‍ അത് കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുമെന്നും ഷോണ്‍ പറഞ്ഞു. മണ്ണും മഴയും കാലാവസ്ഥയും ഏറ്റവും അനുയോജ്യമായ പാലാ പ്രധാനമായും കാര്‍ഷിക മേഖലയാണ്. എന്നാല്‍ ഇപ്പോള്‍ പലരും വിലത്തകര്‍ച്ച പോലെയുള്ള പ്രശ്‌നങ്ങള്‍ കാരണം കൃഷിയില്‍ നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് തിരികെ കൊണ്ടുവരേണ്ടതുണ്ട്.
റബ്ബറിന്റെ വിലത്തകര്‍ച്ച മൂലം ഇപ്പോള്‍ ആളുകള്‍ ട്രോപ്പിക്കല്‍ ഫ്രൂട്‌സിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അവ വേഗത്തില്‍ മോശമായി പോകുന്നവയാണ്. അത് സൂക്ഷിക്കാന്‍ ഫ്രീസിംഗ് സംവിധാനം വേണ്ടതുണ്ട്. ഇത്തരം കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനം കേന്ദ്രത്തില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. എംഎല്‍എ ആക്കിയാല്‍ കര്‍ഷകര്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഇടുക്കിയില്‍ ഏലത്തിന് ചെയ്തിരിക്കുന്നത് പോലെ ഓക്ഷന്‍ സെന്റുറുകള്‍ സ്ഥാപിക്കാനും മൂന്‍കൈയ്യെടുക്കും.
ടൂറിസംമേഖലയിലും വികസനം എത്തേണ്ടതുണ്ട്. ജില്ലയിലെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് കോട്ടയം ഈസ്റ്റ് ടൂറിസം സര്‍ക്യൂട്ട് എന്ന ഒരു പ്രൊപ്പോസല്‍ താന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി വലിയൊരു ടൂറിസം ഡവലപ്‌മെന്റ് ഉണ്ടാക്കാനാകുമെന്ന് കരുതുന്നു. പാലാ കൂത്താട്ടുകുളം റോഡ് വികസനം, കുടിവെള്ള പദ്ധതികള്‍ എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പാലാ കൊച്ചിയുടെ ഒരു ഉപനഗരമാണ്. പാലായില്‍ നിന്നും കൊച്ചിയില്‍ എത്താന്‍ രണ്ടു മണിക്കൂര്‍ എടുക്കും. ദേശീയപാതാ നവീകരണവുമായി ബന്ധിപ്പെട്ട് കൊച്ചിയെയും പാലായെയും ബന്ധിപ്പിക്കുന്ന ദേശീയ നിലവാരമുള്ള റോഡ് വരുന്ന പാലാ കൊച്ചി ഇടനാഴി സൃഷ്ടിക്കപ്പെടണം.
കുടിവെള്ളവുമായി ബന്ധപ്പെട്ട് കേന്ദ്രം കോടികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. കുടിവെള്ള പദ്ധതി പാലായുടെ മുക്കിലും മൂലയിലും നടപ്പാക്കണം.
പാലയിലെ ഐടി സെക്ടറുകളിലും വിദ്യാഭ്യാസമേഖലയിലും വലിയ വികസനം പ്രതീക്ഷിക്കുന്നു. ഫാഷണ്‍ ടെക്‌നോജിയും കേന്ദ്രീയ വിദ്യാലയവും പോലെ പാല എഡ്യുസിറ്റിക്ക് ഗുണകരമാകുന്ന ദേശീയ നിലവാരമുള്ള സ്ഥാപനങ്ങള്‍ കൊണ്ടുവരും. കേന്ദ്രത്തിന്റെയൂം മോദിജിയുടേയും സഹായമുണ്ടെ ങ്കില്‍ ഈ നാട്ടില്‍ ചിന്തിക്കാന്‍ കഴിയാത്ത തരത്തിലുള്ള വികസനം പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാനാകുമെന്നും ഷോണ്‍ പറഞ്ഞു. റോഡും പാലവും മാത്രമാണ് വികസനമെന്നാണ് ആള്‍ക്കാര്‍ കരുതുന്നത്. അതിനപ്പുറത്ത് സാധാരണക്കാരനെ ബാധിക്കുന്ന തൊഴില്‍, കൃഷി, ടുറിസം, ആരോഗ്യം അത്തരം മേഖലകളിലേക്ക് ആരുടേയും ചിന്ത പോകുന്നില്ല. അത് ഈ നാടിനെ വല്ലാതെ ബാധിച്ചിരിക്കുന്നു. അതിനൊരു മാറ്റമുണ്ടാകണം. മാറാത്തത് ഇനി മാറുമെന്നും വ്യക്തമാക്കി.
പാലാക്കാര്‍ക്ക് ജാതിമത ചിന്തകളൊന്നുമില്ല. ഇപ്പോള്‍ നരേന്ദ്രമോദിയെ സ്‌നേഹിക്കുന്നവരാണ് പാലാ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും. അതാണ് തന്റെ വലിയ ആത്മവിശ്വാസം. ആ പിന്തുണ പാലായില്‍ വോട്ടായി മാറുമെന്നും ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും കിട്ടാത്ത തരം ഭൂരിപക്ഷത്തില്‍ പാലായിലെ ജനം തന്നെ ജയിപ്പിക്കുമെന്നാണ് ആത്മവിശ്വാസമെന്നും ഷോണ്‍ പറഞ്ഞു



