
കോന്നി മെഡിക്കല്‍ കോളേജിലെ സൗകര്യക്കുറവുകള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് പതിപ്പിച്ച സംഭവത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സർജറി വിഭാഗം മേധാവി ഡോ.ശിവപ്രസാദ്. മെഡിക്കല്‍ കോളേജിനുള്ളിലെ അപര്യാപ്തതകള്‍ നേരിട്ട് പരിശോധിച്ചാല്‍ ആർക്കും ബോധ്യപ്പെടുമെന്നും താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം വസ്തുതാപരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രോഗികളുടെ മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ വീഴ്ചകള്‍ ആശുപത്രിയിലുണ്ടെന്ന തന്റെ മുന്നറിയിപ്പ് ശരിയാണെന്ന് അദ്ദേഹം ആവർത്തിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി. ആശുപത്രിയിലെ പരിമിതികളെക്കുറിച്ച് സംസാരിക്കുമ്ബോള്‍ അത് രാഷ്ട്രീയവല്‍ക്കരിക്കാനോ വ്യക്തിഹത്യ നടത്താനോ ആണ് ശ്രമം നടക്കുന്നത്. മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനം സുതാര്യമായി നടക്കണമെന്നും രോഗികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഡോ. ശിവപ്രസാദിനെതിരെ കടുത്ത വിമർശനവുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് നടപടി നേരിട്ട വ്യക്തിയാണ് ഡോക്ടറെന്നും, അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റ് അജണ്ടകളുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ കൊണ്ട് ആശുപത്രിയിലെ യഥാർത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാവില്ലെന്ന നിലപാടിലാണ് ഡോക്ടർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയ വിഭാഗത്തില്‍ മതിയായ ജീവനക്കാരോ അത്യാധുനിക സജ്ജീകരണങ്ങളോ ഇല്ലെന്നും ഇത് രോഗികളുടെ ജീവന് ഭീഷണിയാണെന്നുമാണ് ഡോ. ശിവപ്രസാദ് നോട്ടീസിലൂടെ അറിയിച്ചിരുന്നത്. ആശുപത്രി ഭരണകൂടവും സർക്കാരും ഡോക്ടറെ തള്ളുമ്ബോഴും, രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഈ തർക്കം വരും ദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിതുറക്കും.



