
തിരുവനന്തപുരം:നീണ്ട ഇടവേളക്ക് ശേഷം മന്ത്രി കെ.ബി ഗണേഷ്‌കുമാർ വിവാദകുരുക്കിൽ.
മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ. 2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്ന് എന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ ഫോട്ടോയായി പകർത്തിയതായും ബിന്ദു വ്യക്തമാക്കി. മന്ത്രിയുടെ ഭാര്യ എത്തുമ്പോള്‍ വീട്ടില്‍ മറ്റൊരു യുവതി ഉണ്ടായിരുന്നെന്നും ഇവരുമൊത്ത് മന്ത്രി അടുത്തിടപഴകുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ബിന്ദു മേനോൻ തന്റെ ഫോണില്‍ പകർത്തുകയും ചെയ്തു.
ബിജെപി നേതാവും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലർ ആർ ശ്രീലേഖയുടെ നിർദേശത്തെ തുടർന്നാണ് താൻ പൊലീസ് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിച്ചതെന്ന് ബിന്ദു മേനോൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി താനും മന്ത്രിയും തമ്മില്‍ പലപ്പോഴും തർക്കമുണ്ടാകാറുണ്ടെന്നും, എന്നാല്‍ തനിക്ക് “സംശയരോഗം” ഉണ്ടെന്ന രീതിയില്‍ ഗണേഷ് കുമാർ കുടുംബാംഗങ്ങളോട് പോലും പറഞ്ഞിരുന്നുവെന്നും ബിന്ദു ആരോപിച്ചു.
കഴിഞ്ഞ രണ്ട് മാസമായി മന്ത്രി തന്നോട് സംസാരിക്കാതെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
“മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ഞാൻ ഒന്നും പറയില്ലായിരുന്നു. പക്ഷേ, അതിന് പകരം വാർത്താസമ്മേളനം വിളിച്ച് തന്നെകുറിച്ച് മോശമായി സംസാരിക്കുകയായിരുന്നു,” എന്നും ബിന്ദു പറഞ്ഞു.
മന്ത്രിയുടെ സ്റ്റാഫ് പോലും അനുരഞ്ജനത്തിന് ശ്രമിച്ചതായും, പൊലീസ് എത്തുന്നതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന സ്ത്രീയെ മറ്റൊരിടത്തേക്ക് മാറ്റിയതായും അവർ ആരോപിച്ചു. ഇതാദ്യമായല്ല സ്ത്രീവിഷയങ്ങളുടെ പേരില്‍ ഗണേഷ് കുമാർ വാർത്തകളില്‍ ഇടംപിടിക്കുന്നത്.
ഗണേശൻ എന്ന പേരില്‍ വർഷങ്ങളോളം മലയാള സിനിമയില്‍ അഭിനയിച്ച ശേഷമാണ് കെ ബി ഗണേഷ് കുമാർ രാഷ്ട്രീയരംഗത്തേക്ക് കടന്നത്. 2001-ല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം എ കെ ആന്റണി മന്ത്രിസഭയില്‍ അംഗമായി.
അക്കാലത്ത് തന്നെ കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമായ ഭരണക്രമത്തിലേക്ക് കൊണ്ടുവരാനുള്ള ഗണേഷ് കുമാറിന്റെ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെ പലപ്പോഴും ബാധിച്ചു. ആദ്യഭാര്യയായ ഡോ. യാമിനി തങ്കച്ചിയുമായുള്ള ബന്ധം ഗാർഹികപീഡനവും വിവാഹേതരബന്ധവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്കിടയില്‍ പിരിഞ്ഞിരുന്നു. 1994-ല്‍ വിവാഹിതരായ ഇവർക്ക് രണ്ട് മക്കളുണ്ട്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നല്‍കിയ പരാതിയെ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദങ്ങള്‍ക്കിടെ 2013 ഏപ്രിലില്‍ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന് കേസുമായി ബന്ധപ്പെട്ട ധാരണയുടെ ഭാഗമായി തിരുവനന്തപുരത്തെ വീട് ഉള്‍പ്പെടെ നഷ്ടപരിഹാരം നല്‍കി ഇരുവരും നിയമപരമായി വേർപിരിഞ്ഞു.
ഇതിന് ശേഷം 2014 ജനുവരിയില്‍ ഗണേഷ് കുമാർ ബിന്ദു മേനോനെ വിവാഹം ചെയ്തു. കൊട്ടാരക്കരയിലെ തറവാട് വീട്ടില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ആ വിവാഹം.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് ഗണേഷ് കുമാറിനെ പ്രശംസിച്ച് ബിന്ദു നടത്തിയ പരാമർശങ്ങളും അന്ന് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഉയർന്നിരിക്കുന്ന കുടുംബവിവാദങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.







