പത്തനംതിട്ടയിൽ അടിപതറി യുഡിഎഫ്: വിജയസാധ്യതയുള്ള ഒരാളെ പോലും ഉറപ്പിച്ചു പറയാൻ മുന്നണിക്കാകുന്നില്ല: പുറമേനിന്ന് ആളെ ഇറക്കാനുള്ള നീക്കത്തിനെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കടുത്ത അമർഷത്തിൽ

Spread the love

പത്തനംതിട്ട: ഒരുകാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയില് ഇത്തവണ ഒരു മണ്ഡലത്തില് പോലും സ്ഥാനാര്ഥിയെ തീരുമാനിക്കാനാകാതെ മുന്നണി നേതൃത്വം.
2009 വരെ പന്തളം അടക്കം എട്ട് നിയോജക മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയില് 2011ലെ തെരഞ്ഞെടുപ്പ് മുതല് അത് അഞ്ചായി ചുരുങ്ങി. ഇതോടെ യുഡിഎഫിനും തിരിച്ചടിയായി. 2011ല് ആറന്മുളയും കോന്നിയും മാത്രമാണ് ജയിച്ചത്.

video
play-sharp-fill

2016ല് വിജയം കോന്നിയില് മാത്രമായി. 2021ല് ഒരിടത്തുപോലും ജയിക്കാനായില്ല. മണ്ഡല പുനർ വിഭജനത്തിനു മുമ്പ് എല്ഡിഎഫ് തരംഗം ആഞ്ഞു വീശുമ്പോള് പോലും ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫിനാണ് ഇപ്പോള് അടിപതറിയിരിക്കുന്നത്. ഇത്തവണയാകട്ടെ വിജയസാധ്യതയുള്ള ഒരാളെ പോലും ഉറപ്പിച്ചു പറയാന് മുന്നണിക്കാകുന്നതുമില്ല.

ഇതിനിടെ പുറമേനിന്ന് ആളെ ഇറക്കാനുള്ള നീക്കത്തിനെതിരേ ജില്ലയിലെ കോണ്ഗ്രസ് നേതാക്കള് കടുത്ത അമര്ഷത്തിലുമാണ്. 2021ല് ജില്ലക്കാര് മാത്രം മത്സരിച്ചപ്പോള് ഒരിടത്തും വിജയിക്കാനായില്ലെന്നതാണ് പുറമേ നിന്നുള്ളവരെ പരിഗണിക്കാന് കാരണം. അഞ്ച് മണ്ഡലങ്ങളില് തിരുവല്ല ഒഴികെ കോണ്ഗ്രസ് മത്സരിക്കുന്ന സീറ്റുകളാണ്. അടൂര് പട്ടികജാതി സംവരണ മണ്ഡലവുമാണ്.
തിരുവല്ലയില് കേരള കോണ്ഗ്രസാണ് മത്സരിച്ചുവരുന്നത്. യുഡിഎഫ് ചര്ച്ചയില് തിരുവല്ല വച്ചുമാറണമെന്ന താത്പര്യം ജില്ലയിലെ ചില കോണ്ഗ്രസ് നേതാക്കള് പ്രകടിപ്പിച്ചിരുന്നു. എന്നാല് ഇതു സംബന്ധിച്ചു ധാരണയായിട്ടില്ല. കേരള കോണ്ഗ്രസിനു ലഭിക്കുന്ന തിരുവല്ലയില് പാര്ട്ടി ജില്ലാ പ്രസിഡന്റ് വര്ഗീസ് മാമ്മന്റെ പേരിനാണ് മുന്ഗണനയെന്നു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്ട്ടി ചെയര്മാന് പി.ജെ. ജോസഫ് ഇക്കാര്യത്തില് അര്ധസമ്മതം മൂളിയിട്ടുമുണ്ട്. എന്നാല് യുഡിഎഫ് ചെയര്മാന് കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടു കൂടി ആലോചിക്കണമെന്ന അഭിപ്രായം ജോസഫും പറഞ്ഞിരുന്നു. മുന് എംഎല്എ ജോസഫ് എം. പുതുശേരിക്കും തിരുവല്ലയോടു താത്പര്യമുണ്ട്. വിജയസാധ്യത പരിഗണിച്ചേ സ്ഥാനാര്ഥി നിര്ണയമാകാവൂവെന്ന അഭിപ്രായം കോണ്ഗ്രസ് നേതാക്കള് പറഞ്ഞിട്ടുണ്ട്.
സാമുദായിക, സഭാ പരിഗണനകള് കൂടി യുഡിഎഫ് സ്ഥാനാര്ഥി നിര്ണയത്തിലുണ്ടാകും. ഇതാണ് കുഴയ്ക്കുന്ന മറ്റൊരു പ്രശ്നം. ജില്ലയില് സ്വാധീനമുള്ളതും സമീപ ജില്ലകളില് ഒഴിവാക്കപ്പെടുന്നതുമായ സഭാ, സമുദായങ്ങളെ കൂടി പത്തനംതിട്ടയില് പരിഗണിക്കേണ്ടിവരും.

ആറന്മുളയില് കഴിഞ്ഞതവണ മത്സരിച്ച കെ. ശിവദാസന് നായര് പിൻവാങ്ങിയ മട്ടിലാണ്. പത്തുവര്ഷം എംഎല്എയായിരുന്ന ശിവദാസന് നായര് രണ്ടുതവണ വീണാ ജോര്ജിനോടു പരാജയപ്പെട്ടിരുന്നു. പകരം വിജയസാധ്യതയുള്ള ഒരു സ്ഥാനാര്ഥിയെ മണ്ഡലത്തില് നിന്നു കണ്ടെത്താന് കോണ്ഗ്രസിനായിട്ടില്ല. തുടര്ന്നാണ് യൂത്ത് കോണ്ഗ്രസ് ദേശീയ സെക്രട്ടറി അബിന് വര്ക്കിയുടെ പേര് ഉയര്ന്നത്.

എന്നാല് വീണാ ജോര്ജിനെതിരേ അബിന്റെ വിജയസാധ്യതയിലും അനുകൂലമായ റിപ്പോര്ട്ട് ലഭിച്ചിട്ടില്ലെന്നു പറയുന്നു. ഇതിനിടെയാണ് അദ്ദേഹത്തിനെതിരേ മണ്ഡലത്തില് പടയൊരുക്കം തുടങ്ങിയത്. മണ്ഡലപരിധിയിലെ ഒരു വനിതാ സ്ഥാനാര്ഥിയെ രംഗത്തിറക്കണമെന്ന അഭിപ്രായം ഇതിനിടെ ഉണ്ടായി. ഇത്തരത്തില് ഒരാളെ കണ്ടെത്താനും കഴിയാതെ വന്നപ്പോള് മറിയ ഉമ്മന് അടക്കമുള്ള പേരുകളും പരിഗണനയിലുണ്ട്.
കോന്നിയില് അടൂര് പ്രകാശ് വരുമെന്ന പ്രതീക്ഷയിലാണ് ഒരുവിഭാഗം. അല്ലെങ്കില് ആര് എന്ന ചോദ്യവും ഉയരുന്നു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനാണ് പിന്നീട് സാധ്യത. കെപിസിസി ജനറല് സെക്രട്ടറി എന്. ഷൈലാജും സീറ്റിനവേണ്ടി രംഗത്തുണ്ട്. കഴിഞ്ഞതവണ മത്സരിച്ച റോബിന് പീറ്റര് സീറ്റിനായി ശ്രമിച്ചിട്ടില്ല.

റാന്നിയില് കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും മറ്റു ചില പേരുകളിലാണ് നേതാക്കള്ക്ക് താത്പര്യമെന്ന് പറയുന്നു. വിജയസാധ്യത റാന്നിയില് പ്രധാന ഘടകമായി പരിഗണിച്ചുവരികയാണ്. സാമുദായിക പരിഗണന റാന്നിയിലും പ്രധാന ഘടകമാകും. പുറമേ നിന്നുള്ള സ്ഥാനാര്ഥിയെ റാന്നിയിലും പരീക്ഷിച്ചേക്കാന് സാധ്യതയുണ്ട്.
അടൂര് സംവരണ മണ്ഡലത്തിലും സ്ഥാനാര്ഥിയെ നിര്ദേശിക്കാന് പ്രാദേശിക കോണ്ഗ്രസ് നേതാക്കള്ക്കായിട്ടില്ല. പല പേരുകളും പരിഗണനനയിലുണ്ടെങ്കിലും സിപിഐയുടെ മണ്ഡലത്തില് വിജയസാധ്യതയുള്ള ഒറ്റ പേരിലേക്ക് എത്താന് യുഡിഎഫിനാകുന്നില്ല.

അടൂരിലെ പരിഗണനകള്ക്കെതിരേ നവമാധ്യമ പ്രചാരണം
അടൂര്: അടൂര് മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ഥികളെ തീരുമാനിക്കുമ്പോള് വിജയസാധ്യതയും പ്രാദേശിക താത്പര്യവും പരിഗണിക്കണമെന്നാവശ്യവുമായി നവമാധ്യമ പ്രചാരണം. പ്രാദേശിക കോണ്ഗ്രസ് നേതാക്കളുടേതായി പ്രത്യക്ഷപ്പെട്ട നവമാധ്യമ പോസ്റ്റുകളില് രമ്യ ഹരിദാസിനെ അടൂരില് സ്ഥാനാര്ഥിയാക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ എതിര്പ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മുമ്പ് അടൂരില് പരാജയപ്പെട്ട പന്തളം സുധാകരനെ വേണ്ടെന്നും പ്രചാരണമുണ്ട്. പുറമേ നിന്നുള്ള സ്ഥാനാര്ഥികളെ അടൂര് സംവരണ മണ്ഡലത്തിനു വേണ്ടെന്ന അഭിപ്രായവും ഒരു വിഭാഗം ഉയര്ത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ മത്സരിച്ച ഡിസിസി ജനറല് സെക്രട്ടറി എം. കണ്ണന് അന്തരിച്ചതോടെയാണ് അടൂരിലെ കോണ്ഗ്രസ് സ്ഥാനാര്ഥി നിര്ണയവും അനിശ്ചിതത്വത്തിലായത്. പ്രാദേശിക നേതാക്കളടക്കം സീറ്റിനായി രംഗത്തുണ്ടെങ്കിലും വിജയസാധ്യതയും മണ്ഡലത്തിലെ സ്വാധീനവും പലര്ക്കും വിലങ്ങുതടിയാകുകയാണ്.