
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടെന്ന ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെ പുതിയ അറിയിപ്പുമായി ഇസ്രയേല്‍.
ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നല്കുന്ന മുതിർന്ന അംഗങ്ങളെയെല്ലാം വധിച്ചെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എക്സിലൂടെ അറിയിച്ചത്. ഇറാന്റെ ഉന്നത സുരക്ഷാ നേതാക്കളായ പ്രമുഖർ ടെഹ്റാനിലെ രണ്ട് സ്ഥലങ്ങളിലായി യോഗം ചേർന്നത് ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് കണ്ടെത്തിയെന്നും അതിനുപിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നും ഇസ്രയേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാനിലെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥനും സുരക്ഷാ ഉപദേശകനുമായ അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പാക്പുർ, പ്രതിരോധ മന്ത്രി അസീസ് നസീർസാദ തുടങ്ങിയ ബുദ്ധികേന്ദ്രങ്ങളെ വധിച്ചെന്നാണ് ഐഡിഎഫ് അറിയിച്ചത്. ഇന്നലെ രാവിലെയായിരുന്നു ഈ സർപ്രൈസ് ആക്രമണമെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. എന്നാലിപ്പോള്‍ ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.



