
പയ്യന്നൂർ: വധ ശ്രമക്കേസില്‍ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് വി.കെ. നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് പാർട്ടി യോഗത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു.
പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് ശിക്ഷിക്കപ്പെട്ട പ്രതി സജീവമായി പങ്കെടുത്തത്. പിതാവിന്റെ ചികിത്സാർത്ഥം ഹൈക്കോടതി അനുവദിച്ച പരോള്‍ കാലാവധി ജയില്‍ ഡിജിപി നീട്ടി നല്‍കിയതിന് പിന്നാലെയാണ് ഈ പരസ്യമായ ചട്ടലംഘനം.
വി.കെ. നിഷാദ് പരോള്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുൻപും പരോളിലിറങ്ങിയ സമയത്ത് പാർട്ടി പ്രകടനങ്ങളിലും പ്രതിഷേധ പരിപാടികളിലും നിഷാദ് പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ ഏർപ്പെടാൻ പാടില്ലെന്ന കർശനമായ പരോള്‍ വ്യവസ്ഥ നിലനില്‍ക്കെയാണ് ഏരിയ കമ്മിറ്റി യോഗത്തില്‍ നേതാവ് പങ്കെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012-ല്‍ പയ്യന്നൂരില്‍ ഡ്യൂട്ടിക്കിടെ പൊലീസ് സംഘത്തിന് നേരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് തളിപ്പറമ്ബ് അഡീഷണല്‍ സെഷൻസ് കോടതി വി.കെ. നിഷാദിനെ 20 വർഷം തടവിനും രണ്ടര ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭാ കൗണ്‍സിലർ കൂടിയായ നിഷാദ്, ജയിലിലായതിനെത്തുടർന്ന് ഇതുവരെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടില്ല.
ശിക്ഷിക്കപ്പെട്ട് വെറും ഒരു മാസത്തിനുള്ളില്‍ നിഷാദിന് അടിയന്തര പരോള്‍ ലഭിച്ചത് നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഹൈക്കോടതി അനുവദിച്ച പരോള്‍ പിന്നീട് ജയില്‍ ഡിജിപി വഴി സർക്കാർ ഇടപെട്ട് നീട്ടി നല്‍കുകയായിരുന്നു.







