
കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിർമിക്കുന്ന സൂസൻ മേബിൾ തോമസ് ഇൻഡോർ സ്റ്റേഡിയവും അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സും കോട്ടയം ജില്ലയുടെയും സംസ്ഥാനത്തിന്റെയും കായിക മുന്നേറ്റത്തിന് കരുത്തേകുമെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സർക്കാർ 47.81 കോടി രൂപ ചെലവഴിച്ച് പണിയുന്ന സ്റ്റേഡിയത്തിന്റെയും സ്പോർട്സ് കോംപ്ലക്സിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തർദ്ദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടെയായിരിക്കും സ്റ്റേഡിയം നിർമിക്കുക. കായികരംഗത്ത് ബഹുമുഖ പ്രതിഭയായി തിളങ്ങിയ സൂസൻ മേബിൾ തോമസിന്റെ ഓർമകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിലെ ഗാന്ധി മ്യൂസിയത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റംഗം അഡ്വ. റെജി സഖറിയ, രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ.ബൈജു വർഗീസ് ഗുരുക്കൾ, ഡോ.കെ. ജയചന്ദ്രൻ, സൂസൻ മേബിൾ തോമസിന്റെ സഹോദരൻ ജേക്കബ് തോമസ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ജെ. സജി, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ മാത്യു എന്നിവർ പങ്കെടുത്തു.
ഗാന്ധി മ്യൂസിയവും കോട്ടയം അക്ഷര മ്യൂസിയവും തമ്മിൽ പഠന-ഗവേഷണ രംഗത്തെ സഹകരണത്തിനായുള്ള ധാരണാപത്രത്തിന്റെ കൈമാറ്റവും ചടങ്ങിൽ നടന്നു. സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണനും സാഹിത്യപ്രവർത്തക സഹകരണ സംഘം സെക്രട്ടറി എസ്. സന്തോഷ്കുമാറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.



