
കൊല്ലം: ആദ്യ വേനൽ മഴയിൽ തന്നെ പുതിയ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങി. കൊട്ടിയം ഭാഗത്ത് ദേശീയപാതയുടെ സർവീസ് റോഡ് വെള്ളം നിറഞ്ഞ് തോടായി.
കൊട്ടിയം കിംസ് ആശുപത്രിക്ക് മുന്നിലും പാറക്കുളം ന്യൂ രാജസ്ഥാൻ മാർബിളിന് സമീപവുമാണ് വെള്ളക്കെട്ടുകൾ ബുദ്ധിമുട്ട് സൃഷ്ടിച്ചത്. വാഹനങ്ങൾ പലതും വെള്ളക്കെട്ടിൽ മുങ്ങി. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന ചാത്തന്നൂർ കൊട്ടിയം പ്രദേശത്ത് ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും എന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.
എന്നാൽ വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ലെന്ന് മാത്രമല്ല കൂടുതൽ രൂക്ഷമാകുന്ന സ്ഥിതിയാണ്. സർവീസ് റോഡിൽ ഓടകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല എന്ന ആക്ഷേപവും നിലവിലുണ്ട്. ഉയരപ്പാതയിലൂടെ ഒഴുകുന്ന വെള്ളം ഇരുവശങ്ങളിലുമായി മൺമതിലിന് താഴേക്ക് വച്ചിരിക്കുന്ന പൈപ്പുകളിലൂടെ സർവീസ് റോഡുകളിലേക്കാണ് ഒഴുക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പറക്കുളത്ത് ആർ ഇ വാളിന്റെ വിടവുകളിലൂടെയും വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. കൊട്ടിയത്ത് പെട്രോൾ പമ്പിന് സമീപം ആർ ഇ വാളിലൂടെ വെള്ളം റോഡിലേക്ക് ഒഴുകുന്നു.
രണ്ടിടത്തും മേൽപ്പാലത്തിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ശാസ്ത്രീയമായ പഠനം നടത്താതെ വിള്ളലുള്ള സ്ഥലങ്ങൾ കരാർ കമ്പനി രാത്രിയിൽ തന്നെ ടാറിട്ട് അടക്കുകയായിരുന്നു. കളക്ടറും ജനപ്രതിനിധികളും നാട്ടുകാർക്ക് നൽകിയ ഉറപ്പിനെ അവഗണിച്ചായിരുന്നു ഈ നിർമ്മാണം.
ചെറിയ മഴയിൽ പോലും വെള്ളക്കെട്ടാവുകയും തകർച്ചയിലാവുകയും ചെയ്യുന്ന അശാസ്ത്രീയ നിർമ്മാണമാണ് ഇവിടെ നടക്കുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം. വെള്ളക്കെട്ടുരൂക്ഷമായതോടെ ഗതാഗതക്കുരുക്കും ശക്തമാവുകയാണ്. മഴയ്ക്ക് മുമ്പ് ഓടകൾ പുനക്രമീകരിച്ച് കൊട്ടിയത്തെ വെള്ളക്കെട്ടിനും ഗതാഗത കുരുക്കിനും പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.



