
തിരുവനന്തപുരം: ആലിൻ ഷെറിൻ എബ്രഹാമിന്റെ മാതാപിതാക്കളെ പ്രശംസിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചു. രാജ്യത്തിനാകെ അഭിമാനമായ കുഞ്ഞാണ് ആലിൻ എന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അത്യന്തം വേദനയിലൂടെയും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളായ ഷെറിൻ എൻ ജോണിന്റെയും അരുണ്‍ എബ്രഹാമിന്റെയും ധൈര്യവും കാരുണ്യവും ത്യാഗവും അദ്ദേഹം അഭിനന്ദിച്ചു. ഇത് വെറും അവയവദാനം മാത്രമല്ല, മനുഷ്യാവബോധത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കുറിച്ചു. ചെറു ജീവിതമായിരുന്നെങ്കിലും ഇന്ന് നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയായി ആലിൻ ജീവിക്കുന്നുവെന്നും സോറൻ വ്യക്തമാക്കി.
കുഞ്ഞിനെ ഔദ്യോഗിക ബഹുമതികളോടെ യാത്രയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം അഭിനന്ദിച്ചു. ആലിൻ്റെ മാതാപിതാക്കളുടെ പ്രവൃത്തി ഭാഷകളും അതിരുകളും കടന്നുള്ള മനുഷ്യസ്നേഹത്തിന്റെ മാതൃകയാണെന്നും, ജാർഖണ്ഡ് സംസ്ഥാനത്ത് അവയവദാന നയം ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഹേമന്ത് സോറൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







