
തിരുവനന്തപുരം: മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്കിയ സംഭവത്തില്‍ സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി വിദ്യാഭ്യാസ വകുപ്പ്.
പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് സ്കൂള്‍ പ്രിൻസിപ്പലിനാണ് നോട്ടീസ് അയച്ചത്. മരിച്ച അധ്യാപികയെ ടീച്ചർ ഡീറ്റെയില്‍സില്‍ നിന്ന് ഒഴിവാക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.
അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ തക്കതായ കാരണങ്ങളുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താൻ രണ്ട് ദിവസത്തിനകം പരീക്ഷാ സെക്രട്ടറിക്ക് മുന്നില്‍ ഹാജരായി വിശദമായി മറുപടി നല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ വർഷം കാർ അപകടത്തില്‍ മരിച്ച അധ്യാപിക റെസി ടൈറ്റസിനാണ് ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ പരീക്ഷാ ചുമതല നല്‍കിയത്. പെരുമ്ബാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി.
കഴിഞ്ഞ വർഷം ഏപ്രില്‍ 25നായിരുന്നു റെസിയുടെ മരണം. സ്കൂളില്‍ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്നമെന്നായിരുന്നു വിഷയത്തില്‍ ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയില്‍ പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു.
വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ പ്രതിഷേധമുയർന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് വിശദീകരണം നല്‍കിയിരുന്നു.



