
കോട്ടയം: കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ യൂത്ത്, മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകി വിട്ടയച്ചു. തുടർന്നാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ളവർ പിരിഞ്ഞു പോയത്.
വിവിധ പരിപാടികൾക്കായി കോട്ടയത്ത് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുഖ്യമന്ത്രി പുറത്തേക്ക് പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ 4 യൂത്ത്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി രാത്രിയോടെ പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇതേ തുടർന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇടപെട്ടത്.
യൂത്ത്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ വിട്ടയക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയ യൂത്ത്, മഹിളാ കോൺഗ്രസ് നേതാക്കളെ എത്തിച്ച ശേഷം മാത്രമേ പിരിഞ്ഞുപോകൂ എന്ന് അറിയിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്.
കോട്ടയം നഗരസഭാ ചെയർമാൻ എംപി സന്തോഷ് കുമാർ, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു



