ഫെഡറലിസം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കുക; കെ.എസ്.ടി.എ 35-ാമത് സംസ്ഥാന സമ്മേളനം നടന്നു

Spread the love

കോട്ടയം: ഫെഡറലിസം തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കണമെന്ന്കെഎസ്ടിഎ 35-ാമത് സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.

video
play-sharp-fill

സ്വാതന്ത്ര്യാനന്തര ഇന്ത്യ നാളിതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഒരുപതിറ്റാണ്ടിലധികമായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് എല്ലാ ഭരണഘടനാ മൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ്. ശക്തമായ യൂണിയന്‍ സര്‍ക്കാരും സംതൃപ്തമായ സംസ്ഥാന സര്‍ക്കാരുകളും എന്നെ ഫെഡറല്‍ തത്വത്തിന്‍റെ അടിസ്ഥാന കാഴ്ചപ്പാടിന് വിരുദ്ധമായി അധികാരം പൂര്‍ണമായും യൂണിയന്‍ സര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.

സംഘപരിവാര്‍ രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്ന ഹിന്ദുത്വ അജണ്ട രാജ്യത്ത് നടപ്പിലാക്കാനും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ അപ്രസക്തമാക്കാനും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കേന്ദ്രഭരണകൂടം ഇതിനായി എല്ലാം വഴിവിട്ട നീക്കങ്ങള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിക്കുകയാണ്. ആര്‍ എസ് എസ് നോമിനികളായ ഗവര്‍ണര്‍മാര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ തടഞ്ഞുവയ്ക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിയമ-നീതി-ഭരണഘടനാ തത്വലംഘനവുമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക-അക്കാദമികേതര ഭരണത്തിലധിഷ്ഠിതമായ സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക കൗണ്‍സില്‍ എന്നിവിടങ്ങളിലെല്ലാം തന്നിഷ്ടക്കാരെ തിരുകിക്കയറ്റുകയാണിവര്‍. കേരള ലോക്ഭവനിലെ ഭാരതാംബ പ്രതിഷ്ഠയും തിരുത്തപ്പെടേണ്ടതാണ്.

രാജ്യത്തെ കര്‍ഷകരേയും തൊഴിലാളി വര്‍ഗ്ഗത്തേയും ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങളും ലേബര്‍കോഡും ചര്‍ച്ച ചെയ്യാതെ പാസ്സാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സമാവര്‍ത്തി പട്ടികയിലെ വിദ്യാഭ്യാസം, തൊഴില്‍പോലുള്ള വിഷയങ്ങളില്‍പോലും സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനയ്ക്ക് തയ്യാറാകാതെ നിയമം നിര്‍മ്മിക്കുകയാണ്. വിമര്‍ശിക്കുന്നവരെയും പ്രതികരിക്കുന്നവരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും ഭരണകൂട സ്ഥാപനങ്ങളേയും ഉപയോഗപ്പെടുത്തി രാഷ്ട്രീയമായി വേട്ടയാടി ഇല്ലാതാക്കാനുള്ള ശ്രമവും അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക വിഹിതം ഉള്‍പ്പെടെ രാഷ്ട്രീയ വിരോധത്താല്‍ വെട്ടിച്ചുരുക്കുന്ന കേന്ദ്രനീക്കം അങ്ങേയറ്റം അപലനീയമാണ്.

മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനയേയും ഫെഡറല്‍ തത്വങ്ങളെയും അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കണമെന്നും ഇതിനെതിരായി ശക്തമായ ജനകീയമുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അധ്യാപക സമൂഹം രംഗത്തിറങ്ങണമെന്നും 35-ാമത് സംസ്ഥാനസമ്മേശനം ആവശ്യപ്പെട്ടു.

കോട്ടയം ബി സുരേഷ് നഗറില്‍ (മാമ്മന്‍മാപ്പിള ഹാള്‍) നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എസ് സബിത രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ സി മഹേഷ് അനുശോചന പ്രമേയവും ജനറല്‍ സെക്രട്ടറി ടി.കെ.എ.ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന പ്രസിഡന്‍റ് ഡി സുധീഷ് സംഘടനാറിപ്പോര്‍ട്ടും ട്രഷറര്‍ എ കെ ബീന വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ആദ്യദിനം നടന്ന പൊതുചര്‍ച്ചയില്‍ മനേഷ് എം (കൊല്ലം), രാധീഷ് കൃഷ്ണന്‍ (പത്തനംതിട്ട), നിഷാദ് ബാബു പി എ (എറണാകുളം), സുനില്‍കുമാര്‍ എം (കാസര്‍ഗോഡ്), സ്വാതി വി (കണ്ണൂര്‍), പ്രഹ്ളാദന്‍ എം (മലപ്പുറം), വിന്‍സി ടി മണ്ണനാല്‍ (കോട്ടയം), സിനി സെബാസ്റ്റ്യന്‍ (ഇടുക്കി) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസീഡിയം ഡി.സുധീഷ്, രജിസ്ട്രേഷന്‍ എ കെ ബീന, മിനുട്സ് എസ് സബിത, ക്രഡന്‍ഷ്യല്‍ കെ സി മഹേഷ്, പ്രമേയം എം.എ അരുണ്‍കുമാര്‍, മീഡിയ പി.ജെ.ബിനേഷ് എന്നിവര്‍ വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു.