
കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനകളില്‍ പ്രഥമ സ്ഥാനമാണ് കെഎസ്ടിഎക്കുള്ളതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
കെ എസ് ടി എ 35-ാം സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസരംഗത്ത് തുഗ്ലക് പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നതെന്ന് ആക്ഷേപിക്കുകയാണ് വലതുപക്ഷം.
എന്നാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവും കൂട്ടരും മനസ്സിലാക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ പോലും 3617 പൊതുവിദ്യാലയങ്ങള്‍ സമീപകാലത്ത് അടച്ചുപൂട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാഠ്യപദ്ധതി പരിഷ്കരണം ദോശ ചുടുന്നത് പോലെ എളുപ്പമാണെന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു. സംസ്ഥാനത്ത് 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹയര്‍സെക്കന്‍ററി ക്ലാസുകളിലെ പാഠപുസ്തകങ്ങളുള്‍പ്പെടെ പരിഷ്കരിക്കുന്നത്.
കലാ – കായിക – പ്രവൃത്തിപരിചയ മേഖലയ്ക്ക് കൂടി പാഠപുസ്തക പരിഷ്കരണങ്ങളില്‍ അര്‍ഹമായ പ്രാധാന്യം നല്‍കി. പാഠപുസ്തകങ്ങളിലെ മതനിരപേക്ഷ ഉള്ളടക്കം എന്‍ സി ഇ ആര്‍ ടി യെ ഉപയോഗിച്ച് നിരന്തരം വെട്ടിനിരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.
ഈ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ പഠിപ്പിക്കേണ്ട എന്ന് പറഞ്ഞ മതനിരപേക്ഷ ഉള്ളടക്കമുള്ള പാഠഭാഗങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തിയാണ് കേരളം പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ഇത് രാജ്യത്തിനുള്ള കേരളത്തിന്‍റെ ബദലാണ്.
1 മുതല്‍ 12 വരെ ക്ലാസ്സുകളിലെ 43 ലക്ഷം കുട്ടികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന അപകട ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഈ മാസം തുടക്കമാകും. ഭിന്നശേഷി നിയമനം സംബന്ധിച്ച അധ്യാപകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള അതിതീവ്ര ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.
തസ്തിക നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ അധ്യാപകരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. ടെറ്റ് യോഗ്യതാ പരീക്ഷയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വിഷയത്തിലെ പ്രശ്നപരിഹാര ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്.
സംസ്ഥാന പ്രസിഡന്‍റ് ഡി സുധീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതവും ട്രഷറര്‍ എ കെ ബീന നന്ദിയും പറഞ്ഞു.



