ശിവരാത്രിയോടനുബന്ധിച്ച്‌ ആലുവയില്‍ ഗതാഗത നിയന്ത്രണം; കൃത്യമായ റൂട്ട് ശ്രദ്ധിക്കാതെ വഴി മാറി പോകല്ലേ‍, ക‌‍‌ര്‍ശന നി‌‍‍‌ര്‍ദേശവുമായി പൊലീസ്

Spread the love

കൊച്ചി: ആലുവ ശിവരാത്രിയോടനുബന്ധിച്ച്‌ ഫെബ്രുവരി 15ന് വൈകുന്നേരം 4 മണി മുതല്‍ 16ന് ഉച്ചയ്ക്ക് 2 മണി വരെ ആലുവ ടൗണിലും പരിസരങ്ങളിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.

video
play-sharp-fill

മണപ്പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്നും ജി.സി.ഡി.എ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുൻപിലൂടെ മണപ്പുറത്തേക്ക് പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.

റൂട്ട് ഇങ്ങനെ…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം മൈതാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. (വണ്‍ വേ ട്രാഫിക്ക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ്സുകള്‍ മറ്റ് പ്രൈവറ്റ് വാഹനങ്ങള്‍ എന്നിവ ഓള്‍ഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയില്‍ എത്തണം (വണ്‍ വേ ട്രാഫിക്ക് ആയിരിക്കും). തോട്ടയ്ക്കാട്ടുക്കര ജംഗ്ഷനില്‍ നിന്നും മണപ്പുറത്തേക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളില്‍ നിന്നും വരുന്ന സർവീസ് ബസ്സുകള്‍ തേട്ടയ്ക്കാട്ടുക്കര കവലയില്‍ നിന്നും, ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയതിന് ശേഷം പറവൂർ കവല. യു.സി കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണമെന്നും അറിയിപ്പ്.

 

അങ്കമാലി ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂർ കവലയില്‍ ആളെ ഇറക്കി യു ടേണ്‍ ചെയ്ത് മടങ്ങി പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും എൻ.എച്ച്‌ വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാൻഡില്‍ നിന്നും തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, വഴി പ്രൈവറ്റ് സ്റ്റാഡില്‍ എത്തി പ്രൈവറ്റ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്‌ സർവീസ് നടത്തേണ്ടതും, തിരികെ ബാങ്ക് ജംഗ്ഷൻ – ബൈപാസ് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.

 

പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകള്‍, പസ് ജംഗ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുൻവശമുള്ള തത്കാലിക സ്റ്റാൻഡില്‍ എത്തി, അവിടെ നിന്നും തിരികെ സർവീസ് നടത്തേണ്ടതാണ്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍, ഡി.പി.ഒ ജംഗ്ഷൻ വഴി നേരേ താഴേക്ക് ഇറങ്ങി, ഗവ. ഹോസ്പിറ്റല്‍, കാരോത്തുകുഴി വഴി സ്റ്റാൻഡില്‍ പ്രവേശിക്കേണ്ടതും അവിടെ നിന്നും തിരികെ ബാങ്ക് കവല, ബൈപാസ് മെട്രോ സർവീസ് റോഡിലൂടെ പുളിഞ്ചോട് ജംഗ്ഷനില്‍ എത്തി കാരോത്തുകുഴി വഴി ഗവണ്‍മെൻ്റ് ഹോസ്പിറ്റല്‍, റെയില്‍വേ സ്ക്വയർ പമ്പ് ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.

 

15 രാത്രി 8 മുതല്‍ 16 ഉച്ചക്ക് 2 മണി വരെ ബാങ്ക് കവല മുതല്‍ മഹാത്മഗാന്ധി ടൗണ്‍ ഹാള്‍ റോഡ് വരെ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. 15 രാത്രി 8 മുതല്‍ എൻ.എച്ച്‌ ഭാഗത്തു നിന്നും ആലുവ ടൗണ്‍ വഴി പോകേണ്ട വാഹനങ്ങള്‍ പുളിഞ്ചോട് ജംഗ്ഷനില്‍ എത്തി കാരോത്തുകുഴി, ഗവണ്‍മെൻ്റ് ഹോസ്പിറ്റല്‍ വഴി പോകേണ്ടതും, പെരുമ്പാവൂർ ഭാഗത്തു നിന്നും ടൗണ്‍ വഴി എൻ.എച്ച്‌ലേക്ക് പോകേണ്ട വാഹനങ്ങള്‍ മാത ജംഗ്ഷൻ, സീനത്ത്, ഡി.പി.ഒ ജംഗ്ഷൻ, ഗവ. ഹോസ്പിറ്റല്‍ ജംഗ്ഷൻ, കാരോത്തുകുഴി വഴി പോകേണ്ടതാണ്.

 

ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവില്‍ നിന്നും, മണപ്പുറത്തേക്ക് പാലത്തിലൂടെ മാത്രമേ സഞ്ചാരിക്കുന്നതിന് അനുവദിച്ചിട്ടുള്ളു. കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല. 15 രാത്രി 10 മണി മുതല്‍ 16 പകല്‍ 10 മണിവരെ തൃശൂർ ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ അങ്കമാലിയില്‍ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.

 

എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ 15 രാത്രി 10 മണി മുതല്‍ 16 പകല്‍ 10 മണി വരെ കളമശ്ശേരിയില്‍ നിന്നും കണ്ടെയ്നർ റോഡ് വഴി പറവൂർ എത്തി മാഞ്ഞാലി റോഡില്‍ പ്രവേശിച്ച്‌ അത്താണി ജംഗ്ഷൻ വഴി തൃശൂർ ഭാഗത്തേക്ക് പേകേണ്ടതാണ്. എൻ.എച്ച്‌ൻ്റെ ഇരുവശത്തും യാതൊരുവിധ പാർക്കിംഗും അനുവദിക്കുന്നതല്ലെന്നും അറിയിപ്പ്.

 

പാർക്കിംഗ് ക്രമീകരണങ്ങള്‍

 

മണപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ്സുകള്‍ക്കും, സ്വകാര്യ വാഹനങ്ങള്‍ക്കും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പ്രത്യേകം ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട് (വണ്‍ വേ ട്രാഫിക്ക് ആയിരിക്കും).

 

അങ്കമാലി, നോർത്ത് പറവൂർ, എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സെമിനാരിപ്പടിക്ക് സമീപം എൻ.എച്ച്‌ന് ഇരുവശത്തുമുള്ള വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ പാർക്ക് ചെയ്യേണ്ടതാണ്.

 

മണപ്പുറത്ത് വരുന്ന മോട്ടോർ സൈക്കിള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങള്‍ തോട്ടക്കാട്ടുകര ജംഗ്ഷന് സമീപമുള്ള സെൻ്റ്. ആൻസ് പള്ളിയുടെ ഗ്രൗണ്ടില്‍ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതാണ്.

 

പെരുമ്പാവുർ, പുക്കാട്ടുപടി, ആലുവ എറണാകുളം തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും വരുന്ന സ്വകാര്യ വാഹനങ്ങള്‍ക്കു് പാർക്ക് ചെയ്യുന്നതിനായി ആലുവ പമ്പ് ജംഗ്ഷന് സമീപമുള്ള ജീവാസ് സ്ക്കൂള്‍ ഗ്രൗണ്ടിലും, ആലുവ സിവില്‍ സ്റ്റേഷനു സമീപം വരുന്ന ഗവ: ബോയ്സ് ഹൈ സ്ക്കൂള്‍ ഗ്രൗണ്ടിലും, ഗുഡ് ഷെഡ് റോഡിനു അരികിലും വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതാണ്.

 

പറവൂർ, വരാപ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ യു.സി കോളേജ് ഗ്രൗണ്ടില്‍ പാർക്ക് ചെയ്യണം. പെരുമ്പാവൂർ,എടത്തല പൂക്കാട്ടുപ്പടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ആലുവ വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്ക്കൂളിലും ആലുവ സെൻ്റ് മേരീസ് സ്ക്കൂള്‍ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

 

പാർക്കിംഗ് തികച്ചും സൗജന്യമാണ്. അനധികൃതമായി റോഡില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ട്രാഫിക്ക് പോലീസ് സ്റ്റിക്കർ പതിപ്പിച്ച്‌ തുടർ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

 

മറ്റ് ക്രമീകരണങ്ങള്‍

 

ശിവരാത്രിയോടനുബന്ധിച്ച്‌ തിരക്കില്‍പ്പെട്ട് അനിഷ്ട സംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും താഴെ പറയുന്ന ക്രമീകരണങ്ങള്‍ കൂടി ഉണ്ടായിരിക്കുന്നതാണ്.

 

പാലസ് ഭാഗത്തുനിന്നും നടപ്പാലത്തിലൂടെ മണപ്പുറത്തേക്ക് പേകേണ്ടവർ പാലസിന് സമീപം ഉള്ള കൊട്ടാരം കടവ് റോഡ് വഴി പാലത്തിൻ്റെ കിഴക്കെ ട്രാക്കിലൂടെ മണപ്പുറത്തേക്ക് പേകേണ്ടതാണ്. അതുപോലെ തന്നെ മണപ്പുറത്തു നിന്നും. തിരികെ പേകേണ്ടവർ നടപാലത്തിൻ്റെ പടിഞ്ഞാറെ ട്രാക്കു വഴിയും പോകേണ്ടതാണ്. എന്നാല്‍ 15 ന് രാത്രി 10 മണി മുതല്‍ തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ മണപ്പുറത്തു നിന്നും തിരികെ പോകുന്നവർ നടപാലത്തിൻ്റെ പടിഞ്ഞാറെ ട്രാക്കിലൂടെ വന്ന് പെരിയാറിൻ്റെ തീരത്തുള്ള റോഡിലൂടെ മുൻസിപ്പല്‍ പാർക്കു റോഡ് വഴി പുറത്തേക്ക് പോകേണ്ടതുമാണ്.

 

മണപ്പുറത്തുള്ള അമ്പലത്തില്‍ നിന്നും, 50 മീറ്റല്‍ ചുറ്റളവില്‍ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല.കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉള്‍പ്പെടെ പോലീസ്, ഫയർ ഫോഴ്സ് ബോട്ടുകള്‍ പട്രോളിംഗ് നടത്തുന്നതാണ്.

 

ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കല്ഴ ഓഫീസേഴ്സിൻ്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്നതാണ്. മോഷ്ടാക്കളേയും, റൗഡികളേയും മറ്റും നിരീക്ഷിക്കുന്നതിനായി സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്.

 

ആലുവ റെയില്‍വെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്,’ പ്രത്യേകമായി പോലീസ് ടീമിനെ വിന്യസിക്കുന്നതാണ്.ശിവരാത്രി മണപ്പുറവും പരിസരവും ഡ്രോണ്‍ ക്യാമറ നിരീക്ഷണ വലയത്തിലാണ്.

 

പ്രധാനപ്പെട്ട ജംഗ്ഷനുകളിലും , തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്, ക്യാമറ മുഴുവൻ സമയം നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും, ജാഗരൂകരായ പോലീസ് ഉദ്യോഗസ്ഥർ വാച്ച്‌ ടവറുകളില്‍ നിലയുറപ്പിച്ചിട്ടുള്ളതാണ്.

 

നടപ്പാലത്തിലൂടെ ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന ഭക്തജനങ്ങള്‍ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങള്‍ പൂർണമായും പാലിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.