കാര്യങ്ങൾ താൻ വിലയിരുത്തുന്നുണ്ട് ; വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല : മന്ത്രി എം എം മണി
സ്വന്തം ലേഖകൻ
ഇടുക്കി: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ വലിയ അണക്കെട്ടുകൾ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ചെറിയ ഡാമുകൾ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നതെന്നും ഇടുക്കി അടക്കമുള്ള വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വലിയ ഡാമുകളിൽ ഇനിയും സംഭരണശേഷിയുണ്ട്. ഇടുക്കിയിലെ കാര്യങ്ങൾ താൻ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ഇടുക്കിയിൽ പലയിടത്തും റോഡുകൾ തകർന്നതായി മനസിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു. ഡാമുകൾ തുറന്നു വിടുന്നത് സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താനായി ഉച്ചയ്ക്ക് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. കക്കയം ഡാമിന്റെ ഷട്ടർ മൂന്നടിയായി ഉയർത്തി. നേരത്തെ 45 സെന്റിമീറ്റർ ആണ് തുറന്നിട്ടിട്ടുണ്ടായിരുന്നത്. വലിയ അളവിൽ വെള്ളം വരാൻ സാദ്ധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മൂഴിയാർ ഡാം ഇന്ന് തുറക്കും. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.
ഇതുവരെ 23,000 പേർ ക്യാംപുകളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വയനാട്ടിൽ മാത്രം 10000 പേരാണ് ക്യാംപിലുള്ളത്. പത്തനംതിട്ടയിലെ മണിയാർ, ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല, മലങ്കര, കല്ലാർ, ഇരട്ടയാർ, എറണാകുളത്ത് മലങ്കര, ഭൂതത്താൻ കെട്ട്, തൃശൂർ ജില്ലയിൽ പെരിങ്ങൽക്കുത്ത്, പാലക്കാട് മംഗലം, കാഞ്ഞിരംപുഴ, കോഴിക്കോട് കക്കയം എന്നീ ഡാമുകൾ ഇന്നലെ തുറന്നിരുന്നു.