
ധാക്കുവാഖാന: 79-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരത്തിൽ കേരളത്തെ പരാജയപ്പെടുത്തി സർവീസസ് എട്ടാം കിരീടം സ്വന്തമാക്കി. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിത സമയമായ 90 മിനിറ്റ് പൂർത്തിയായപ്പോൾ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർന്ന് നടന്ന 30 മിനിറ്റ് അധിക സമയത്തിലാണ് സർവീസസ് വിജയഗോൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം തിരിച്ചടിയായി. 27-ാം മിനിറ്റിൽ വി. അർജുൻ എടുത്ത ലോംഗ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ ഷിജിന് ലഭിച്ച സുവർണാവസരവും ലക്ഷ്യത്തിലെത്തിയില്ല. സെമിഫൈനലിലെ ഹീറോ എം. വിഘ്‌നേഷിനെ ബെഞ്ചിലിരുത്തി ടി. ഷിജിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ കോച്ച് ഷഫീഖ് ഹസന്റെ തീരുമാനം ഫലമുണ്ടാക്കിയില്ല.
രണ്ടാം പകുതിയിൽ വിഘ്‌നേഷിനെ കളത്തിലിറക്കി കേരളം ആക്രമണം ശക്തമാക്കിയെങ്കിലും ‘പാർക്കിംഗ് ദ ബസ്’ തന്ത്രത്തിലൂടെ പ്രതിരോധം ഉറപ്പിച്ച സർവീസസിനെ മറികടക്കാൻ മലയാളി താരങ്ങൾക്ക് സാധിച്ചില്ല. സർവീസസ് ഗോൾകീപ്പർ ഗഗൻദീപിന്റെ മികച്ച സേവുകളും കേരളത്തിന് തിരിച്ചടിയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിനെതിരെ വിജയഗോൾ നേടിയ അഭിഷേക് പവാർ തന്നെയാണ് ഫൈനലിലും നിർണായകമായത്. 109-ാം മിനിറ്റിൽ ലഭിച്ച അവസരം ഗോളാക്കി മാറ്റിയ പവാർ സർവീസസിന് കിരീടം ഉറപ്പിച്ചു. ഗോൾ വഴങ്ങിയതോടെ സമനിലയ്ക്കായി കേരളം ശക്തമായി ആക്രമിച്ചെങ്കിലും സർവീസസ് പ്രതിരോധം ഉറപ്പിച്ചു.
കേരളത്തിന്റെ 16-ാം സന്തോഷ് ട്രോഫി ഫൈനലായിരുന്നു ഇത്. കഴിഞ്ഞ വർഷം ഫൈനലിൽ ബംഗാളിനോട് പരാജയപ്പെട്ട കേരളം ഇത്തവണ കിരീടം ലക്ഷ്യമിട്ടെത്തിയെങ്കിലും വീണ്ടും നിരാശയിലായി. ഏഴുതവണ സന്തോഷ് ട്രോഫി ജേതാക്കളായ കേരളം 2022-ൽ മലപ്പുറം മഞ്ചേരിയിലാണ് അവസാനം കിരീടം ചൂടിയത്.



