
കണ്ണൂർ: പാർട്ടി പുറത്താക്കിയ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
വി. കുഞ്ഞികൃഷ്ണൻ പാർട്ടിയുടെ മുൻപില്‍ അടഞ്ഞ അധ്യായമാണെന്നും, പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ പാർട്ടിയെക്കുറിച്ചോ നേതാക്കള്‍ക്കെതിരെയോ ‘തോന്ന്യാസങ്ങള്‍’ എഴുതിയാല്‍ കേസ് കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എല്‍.ഡി.എഫ് വികസന മുന്നേറ്റ യാത്രയ്ക്ക് പഴയങ്ങാടിയില്‍ നല്‍കിയ സ്വീകരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി ഈ വിഷയത്തില്‍ പാർട്ടി ചർച്ചയില്ലെന്ന് വ്യക്തമാക്കിയ എം.വി ഗോവിന്ദൻ, പയ്യന്നൂരിലെ പാർട്ടിയെ തകർക്കാൻ വി. കുഞ്ഞികൃഷ്ണൻ വലതുപക്ഷ മാധ്യമങ്ങള്‍ക്കൊപ്പം ചേർന്നു പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചു. ഇത്തരക്കാരെ കുറച്ചുകാലം മാധ്യമങ്ങള്‍ തോളിലേറ്റി നടക്കും, പിന്നീട് ഉപേക്ഷിക്കും. കുഞ്ഞികൃഷ്ണന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടി പുറത്താക്കിയ ഒരാളെ വലതുപക്ഷ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കാൻ ശ്രമിക്കുകയാണ്. അയാളെ വിമർശിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച എം.വി ഗോവിന്ദൻ, പാർട്ടിയെ വെല്ലുവിളിക്കാൻ കുഞ്ഞികൃഷ്ണൻ ആരാണെന്നും ചോദിച്ചു. പയ്യന്നൂരില്‍ പാർട്ടിയുടെ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും പയ്യന്നൂരിലെ പാർട്ടിയുടെ ചരിത്രമാണ് പറഞ്ഞുകൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളോട് പറയും. ജനങ്ങളും കൂടെ ചേരുമ്പോഴാണ് പാർട്ടിയുണ്ടാകുന്നത്. കുഞ്ഞികൃഷ്ണന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ തന്നെക്കുറിച്ചോ പാർട്ടി നേതാക്കളെക്കുറിച്ചോ എന്തെങ്കിലും തോന്ന്യാസങ്ങള്‍ എഴുതിവെച്ചാല്‍ കേസ് കൊടുക്കുമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഈ കാര്യം തീരുമാനിച്ചതാണെന്നും അദ്ദേഹം അറിയിച്ചു.







