
പനമരം: നീരിട്ടാടി റോഡിലുള്ള ബവ്റിജസിൽ വീണ്ടും മോഷണം. ബവ്റിജസിനു പിറകുവശത്തെ ജനറേറ്റർ വച്ചിരിക്കുന്ന മുറിയുടെ വെന്റിലേറ്റർ തകർത്താണ് മോഷണം.
പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്തും ജനലുകളുടെ ഗ്ലാസുകൾ തകർത്തും അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വെന്റിലേറ്റർ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് ഷോപ്പ് അസിസ്റ്റഡ് മാനേജർ വി.കെ.സജി പറഞ്ഞു. 31ന് രാത്രി പൂട്ടിപ്പോയ ഷോപ്പ് ഒന്നാം തീയതിയിലെ അവധിക്കു ശേഷം ഇന്നലെ രാവിലെ തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പണം നഷ്ടപ്പെട്ടില്ലെങ്കിലും വിദേശമദ്യം മോഷണം പോയതായി സംശയമുണ്ട്.
സ്റ്റോക്കുണ്ടായിരുന്ന മദ്യക്കുപ്പികളുടെ കണക്കെടുപ്പിന് ശേഷമേ നഷ്ടത്തിന്റെ കണക്ക് ലഭ്യമാകുകയുള്ളൂ. എക്സൈസും ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 1ന് രാത്രി ഓഫിസ് റൂമിൽ കയറിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പനമരം പൊലീസ് അന്വേഷണം ഊർജിതമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


