
തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണം വസ്തുതാവിരുദ്ധമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). പ്രസവസമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണ്ണതകളാണ് നിർഭാഗ്യവശാല്‍ സംഭവിച്ചതെന്നും കെജിഎംഒഎ അറിയിച്ചു.
1500-ഓളം പ്രസവങ്ങളും 600-ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയർ ആയ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തത്. പ്രസവശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷമാണ് തിരികെ ചികിത്സയ്ക്ക് എത്തുന്നത് . അതിനുശേഷം ആണ് ചികിത്സാ പിഴവ് ആരോപണമെന്നും കെജിഎംഒഎ പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ഡിഎംഒ സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും കെജിഎംഒഎ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവം നടന്ന ഹസ്‌നാ ഫാത്തിമയാണ് ഗുരുതര ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയത്. അശാസ്ത്രീയമായി എപ്പിസോട്ടമി ചെയ്തതിനാല്‍ മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായി യുവതി പറഞ്ഞിരുന്നു. മൂത്രനാളിയിലൂടെ മലമൂത്ര വിസർജനം നടക്കുന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ഹസ്ന പറഞ്ഞു.
പൂർണ ഗർഭിണിയായ വിതുര സ്വദേശിനി ഹസ്ന ഫാത്തിമ 2025 ജൂണ്‍ 18നാണ് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ അഡ്മിറ്റായത്. 19ന് പ്രസവം നടന്നു. പ്രസവശേഷം സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം ഉയർന്നത്. പിഴവ് മറച്ചു വെച്ച ഡോക്ടര്‍ മുറിവ് തുന്നി കെട്ടി പ്രസവം പൂര്‍ത്തിയാക്കി വാര്‍ഡിലേക്ക് മാറ്റിയെന്നും പരാതിയുണ്ട്. മെഡിക്കല്‍ കോളേജിലും രണ്ട് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. കോസ്റ്റോമി ശസ്ത്രക്രിയയും പ്ലാസ്റ്റിക് സര്‍ജറിയും ചെയ്തു. ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ കൂടി ചെയ്യണം. ഇതുവരെ ആറ് ലക്ഷം രൂപ ചികിത്സയ്ക്ക് ചെലവായെന്നും കുടുംബം പറയുന്നു.


