കേന്ദ്ര ബഡ്ജറ്റ് 2026: സെമികണ്ടക്ടർ മിഷന് 40,000 കോടി, കേരളത്തെ ചേർത്ത് റെയർ എർത്ത് കോറിഡോർ; ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വല്‍ എഫക്‌ട്സ്, ഗെയിമിങ് മേഖലയിലും വമ്പൻ പ്രഖ്യാപനങ്ങള്‍

Spread the love

ന്യൂഡൽഹി: കേന്ദ്ര ബജറ്റില്‍ ആയുർവേദ മേഖലയിലും അനിമേഷൻ, വിഷ്വല്‍ എഫക്‌ട്സ്, ഗെയിമിങ് മേഖലയിലും വമ്പൻ പ്രഖ്യാപനങ്ങള്‍.

video
play-sharp-fill

പുതിയ മൂന്ന് ഓള്‍ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. കൂടാതെ, 5 മേഖല മെഡിക്കല്‍ ഹബുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. മെഡിക്കല്‍ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി. യോഗ, വെല്‍നസ് സ്കീമുകള്‍ക്കായി ഒന്നര ലക്ഷം കെയർ ഗിവർമാരെ പരിശീലിപ്പിക്കുകയും ചെയ്യും.

 

മെഡിക്കല്‍ ഹബുകള്‍ തൊഴിലവസരങ്ങളുടെയും കേന്ദ്രമാകും. ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. മരുന്ന് ചെടികള്‍ വളർത്തുന്നവർക്കും സംസ്കരിക്കുന്നവർക്കും സഹായ പദ്ധതിയും ബജറ്റിലുണ്ട്. ആയുഷ് ഫാർമസികളുടെ നിലവാരം ഉയർത്തും. ഗവേഷണത്തിനും പരിശോധനകള്‍ക്കും കൂടുതല്‍ പ്രൊഫഷണലുകളെ നിയോഗിക്കുമെന്നും ബജറ്റിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം, ഇന്ത്യയിലെ അനിമേഷൻ,വിഷ്വല്‍ എഫക്‌ട്സ്, ഗെയിമിങ് മേഖലയിലും വലിയ പ്രഖ്യാപനങ്ങളുണ്ട്. 2 മില്യണ്‍ പ്രൊഫഷണലുകളെ 2030ഓടെ ആവശ്യമുള്ള മേഖലയാണിത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിക്ക് ഇതിനായി പിന്തുണ നല്‍കും. എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകള്‍ 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും സ്ഥാപിക്കും. രാജ്യത്തിന്റെ കിഴക്കൻ മേഖലയില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കാനുമാണ് പദ്ധതി.

ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. ബജറ്റിൽ ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ ( ISM 2.0) പ്രഖ്യാപിച്ചു.

സെമികണ്ടക്ടർ വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലനം എന്നിവയ്ക്കാവും മുൻതൂക്കം നൽകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. ആഗോള സെമികണ്ടക്ടർ മത്സരത്തിൽ ഇന്ത്യയ്ക്ക് ഊർജം പകരുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി നടത്തിയിരിക്കുന്നത്.

ധാതുസമ്പത്തുള്ള നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്. റെയർ എർത്ത് മൂലകങ്ങൾക്കായി ചൈനയെ ആണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.

മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം പാർലമെൻ്റില്‍ പുരോഗമിക്കുകയാണ്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റില്‍ സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങി മൂന്ന് നയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചെന്നും രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.