
കോട്ടയം: മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് നടത്തിയ വെയ്റ്റ്ലിഫ്റ്റിങ്, പവർലിഫ്റ്റിങ് മത്സരങ്ങളിൽ കോട്ടയം ജില്ലയ്ക്ക് ചരിത്ര നേട്ടം. നാല് സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി ദമ്പതികളായ സോളമൻ തോമസ് (53 വയസ്സ്) ക്രിസ്റ്റി സോളമൻ (47 വയസ്സ്) എന്നിവർ. കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന “സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ളബി”ന്റെ ഉടമസ്ഥരും അവിടെ മുഖ്യപരിശീലകരുമാണ് ഇരുവരും.
പവർലിഫ്റ്റിങിൽ സോളമൻ 105 കിലോ വിഭാഗത്തിലും ഭാര്യ ക്രിസ്റ്റി 63 കിലോ വിഭാഗത്തിലും, വെയ്റ്റ്ലിഫ്റ്റിങിൽ സോളമൻ 102 കിലോ വിഭാഗത്തിലും ക്രിസ്റ്റി 59 കിലോ വിഭാഗത്തിലും മത്സരിച്ചാണ് നാല് സ്വർണ്ണ മെഡലുകൾ നേടിയത്. സോളമൻ തോമസ് മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരള കോട്ടയം ജില്ലാ പ്രസിഡന്റും ക്രിസ്റ്റി സോളമൻ വൈസ് പ്രസിഡന്റുമാണ്.
തിരുവനന്തപുത്ത് മാധ്യമസ്ഥാപനത്തിലെ ഔദ്യോഗിക ജീവിതത്തിനിടയിൽ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ രണ്ട് തവണ ഒന്നാം സ്ഥാനവും സ്കൂൾ കോളേജ് പഠനകാലത്ത് ഗുസ്തിയിൽ സംസ്ഥാനതലത്തിൽ നാലു തവണ വിജയിച്ചിട്ടുള്ള സോളമൻ തോമസ് പവർലിഫ്റ്റിങിൽ പത്തോളം സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ ജേതാവ് ആണ്. ഗോവയിലും ഹിമാചൽപ്രദേശിലും ദേശീയതലത്തിൽ നടത്തിയ പവർലിഫ്റ്റിങിൽ സ്വർണ്ണ മെഡലുകളും ഗോവയിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വെള്ളിയും നേടിയിട്ടുണ്ട്. കളത്തിപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി. തോമസിന്റെയും ശോശാമ്മയുടെയും മകനാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിസ്റ്റി സോളമൻ ഹിമാചൽപ്രദേശിൽ ദേശീയതലത്തിൽ നടത്തിയ പവർലിഫ്റ്റിങിൽ ജേതാവാണ്. പവർലിഫ്റ്റിങ് അസോസിയേഷൻ ആലപ്പുഴയിൽ നടത്തിയ കേരള സ്റ്റേറ്റ് ബെഞ്ച്പ്രസ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു. കഴിഞ്ഞ വർഷം മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിലും പവർലിഫ്റ്റിങിൽ സ്വർണ്ണ മെഡലും എറണാകുളത്ത് പവർലിഫ്റ്റിങ് അസോസിയേഷൻ കേരള സോൺ നടത്തിയ കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് മത്സരത്തിൽ സിൽവർ മെഡലും നേടിയിട്ടുള്ള ക്രിസ്റ്റി അമയന്നൂർ പാറയിൽ പി.ടി. ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ആണ്.
മക്കൾ : സൂസൻ (അലിയാൻസ്, തിരുവനന്തപുരം). ഗബ്രിയേൽ : (എൻജിനീയറിങ് വിദ്യാർത്ഥി, അയർലൻഡ്).



