
കെയ്റോ: കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഈജിപ്ത് നീക്കം ആരംഭിച്ചു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമം ഈജിപ്ഷ്യൻ പാർലമെന്റിന്റെ പരിഗണനയിലാണ്.
സോഷ്യൽ മീഡിയയുടെ ദോഷകരമായ സ്വാധീനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനിർമ്മാണം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം തയ്യാറാക്കുമെന്നും, നടപ്പാക്കുന്നതിന് മുമ്പ് വിവിധ മേഖലകളിലെ വിദഗ്ധരുമായി വിശദമായ ചർച്ചകൾ നടത്തുമെന്നും പാർലമെന്റ് വ്യക്തമാക്കി.
കുട്ടികളുടെ ചിന്തകളെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഓൺലൈൻ ഭീഷണികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന സമഗ്രമായ ചട്ടക്കൂട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം. അടുത്തിടെ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസി കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. പ്രായപൂർത്തിയാകുന്നതുവരെ കുട്ടികളെ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള മാതൃകകൾ പിന്തുടർന്ന് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുകയോ കൂടുതൽ കർശനമാക്കുകയോ ചെയ്യുന്നതിനെക്കുറിച്ചും ഈജിപ്ത് ആലോചിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു. 2024ലെ സർക്കാർ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 50 ശതമാനം പേരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇത് കുട്ടികളെ സൈബർ ഭീഷണികൾക്കും ഓൺലൈൻ ചൂഷണത്തിനും കൂടുതൽ ഇരയാക്കുന്നുവെന്ന ആശങ്കയും സർക്കാർ ഉയർത്തുന്നുണ്ട്.



