Spread the love

കോട്ടയം :  കഞ്ഞിക്കുഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ പരിഹാരമാകുന്നു.
25 വർഷം മുൻപ് അടച്ച് പൂട്ടിയ കഞ്ഞിക്കുഴിയിലെ
ബസ് സ്റ്റാൻഡ് തുറന്ന് കൊടുക്കണമെന്ന
തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ
ബസ് സ്റ്റാൻ്റും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിച്ച് നടുറോഡിലെ ബസ് സ്റ്റോപ്പുകൾ സ്റ്റാൻഡിലേക്ക് മാറ്റിയും ഗതാഗതക്കുരുക്ക് പരിഹരിക്കാമെന്ന് കോട്ടയം നഗരസഭ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു.

video
play-sharp-fill

നഗരസഭയുടെ ഉടമസ്ഥതയിൽ കഞ്ഞിക്കുഴിയിലുള്ള ബസ് സ്റ്റാൻഡ് 25 വർഷമായി അടച്ചിട്ടിരിക്കുകയാണെന്നും , സ്റ്റാൻഡ് തുറന്നു കൊടുക്കാത്തതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്കാണെന്നും ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ 2025 മാർച്ചിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് 45 ദിവസത്തിനകം ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കാൻ 2025 ഏപ്രിൽ മാസത്തിൽ നഗരസഭയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പത്ത് മാസം കഴിഞ്ഞിട്ടും നടപടി എടുക്കാത്ത കോട്ടയം നഗരസഭയ്ക്കെതിരെ ശ്രീകുമാർ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് കോടതിയലക്ഷ്യത്തിന് നഗരസഭാ സെക്രട്ടറിക്കെതിരെ കേസെടുത്തതോടെയാണ് ബസ്റ്റാൻഡ് തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്ന് നഗരസഭ രേഖാമൂലം ഹൈക്കോടതിയെ അറിയിച്ചത്. ഇതേ തുടർന്ന് കോടതിയിയലക്ഷ്യ നടപടികളിൽ നിന്ന് സെക്രട്ടറിയെ ഒഴിവാക്കി.

ബസ്റ്റാൻഡ് അടച്ചിട്ടിരിക്കുന്നത് മൂലം പുതുപ്പള്ളി, കൊല്ലാട് , മണർകാട്, മുണ്ടക്കയം, കോട്ടയം, തിരുവഞ്ചൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്.

ഇത് മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് കഞ്ഞിക്കുഴിയിൽ അനുഭവപ്പെടുന്നത്. ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് മാനേജ്മെൻ്റും, വ്യാപാരികളും, വിവിധ റസിഡൻസ് അസോസിയേഷനുകളും, പൊലീസും നിരവധി തവണ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.

പരാതിയിൻമേൽ തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്.

കോട്ടയം നഗരസഭാ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി , ഈസ്റ്റ് എസ്എച്ച്ഒ, ട്രാഫിക് എസ്എച്ച്ഒ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി ഫയൽ ചെയ്തത്.

25 വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളുന്നതിനും, ഉപയോഗശൂന്യമായ നഗരസഭയുടെ വാഹനങ്ങൾ ഇടുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇതോടെ ബസ്റ്റാൻഡ് അനാശാസ്യക്കാരുടെ താവളവുമായി മാറി.

കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൗണ്ട് കാർമൽ സ്കൂളും കഞ്ഞിക്കുഴി ജംഗ്ഷനിലാണ് സ്ഥിതിചെയ്യുന്നത്. ഈ കുട്ടികളെല്ലാം റോഡ് വക്കത്ത് നിന്നാണ് ബസുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇതെല്ലാം അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും, വൻ അപകടത്തിനുമാണ് കാരണമാകുന്നത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ സെഷൻസ് ജഡ്ജി, സുപ്രീം കോടതി റിട്ട: ജസ്റ്റിസ് അടക്കമുള്ള നഗരത്തിലെ പ്രമുഖരെല്ലാം താമസിക്കുന്നത് കഞ്ഞിക്കുഴിയിലാണ്. ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ കഞ്ഞിക്കുഴിയിലെ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുന്നത്.

തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി.