ക്യാമറ കണ്ട് കാർ ബ്രേക്ക് ചെയ്തു: കോടിമത നാലുവരിപ്പാതയിൽ വീണ്ടും വാഹനാപകടം: കാറിന് പിന്നിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; അപകടത്തിൽ ആർക്കും പരിക്കില്ല
സ്വന്തം ലേഖകൻ
കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കാറിന് പിന്നിലിടിച്ച് മറിഞ്ഞു. വേഗ നിയന്ത്രണ ക്യാമറ കണ്ട് വേഗം കുറയ്ക്കാൻ കാർ ബ്രേക്ക് ചെയ്തപ്പോൾ ഓട്ടോറിക്ഷ പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് സൂചന. അപകടത്തിൽ ആർക്കും പരിക്കില്ല. ഓട്ടോറിക്ഷയിൽ നാല് പേരാണ് ഉണ്ടായിരുന്നത്.
വ്യാഴാഴ്ച വൈകിട്ട് 5.45 ന് കോടിമത നാലുവരിപ്പാതയിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് മണിപ്പുഴയിലേയ്ക്ക് വരികയായിരുന്നു നാലംഗ സംഘമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഈ സമയം മുന്നിൽ പോയ കാറിന് പിന്നിൽ ഓട്ടോറിക്ഷ തട്ടി. സുമംഗലി ഓഡിറ്റോറിയത്തിന് മുന്നിൽ മോട്ടോർ വാഹന വകുപ്പ് വേഗ നിയന്ത്രണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറ കണ്ട് മുന്നിൽ പോയ കാർ വേഗം കുറയ്ക്കുകയായിരുന്നു. ഈ കാർ അതിവേഗം വേഗം കുറച്ചതോടെ , പിന്നാലെ എത്തിയ ഓട്ടോറിക്ഷ ഇടിയ്ക്കാതിരിക്കാൻ ഇടത്തേയ്ക്ക് വെട്ടിച്ചു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഓട്ടോയിലുണ്ടായിരുന്നവരെ പുറത്തെടുത്തു. ആപകടത്തെ തുടർന്ന് അര മണിക്കൂറോളം എം സി റോഡിൽ നാല് വരിപ്പാതയിൽ ഗതാഗതം തടസപ്പെട്ടു.