
കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് വഴിവക്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച് ഡോക്ടർമാർ. ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളം ഉദയംപേരൂർ വലിയംകുളത്താണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്.
എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്നാണ് റോഡിൽവെച്ച് യുവാവിന് അടിയന്തര വൈദ്യസഹായം നൽകിയത്. ആശുപത്രികളിലെ എമർജൻസി റൂമുകളിൽ ജീവൻ രക്ഷിക്കാനായി ചെയ്യുന്ന ‘ സർജിക്കൽ ക്രിക്കോതൈറോട്ടോമി’ എന്ന അടിയന്തര ചികിത്സയാണ് ഡോക്ടർമാർ നാട്ടുകാരുടേയും പോലീസിന്റേയും സഹായത്തോടെ ചെയ്തത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് ഡോക്ടർമാർ അടിയന്തര വൈദ്യസഹായം നൽകിയത്. ആ സമയം ലഭ്യമായ റേസർ ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് ശ്വാസനാളം തുറന്നാണ് ഡോക്ടർമാരുടെ സംഘം യുവാവിന്റെ ജീവൻ രക്ഷിച്ചത്. തുടർന്ന് യുവാവിനെ വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുകയുംചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽപ്പെട്ട യുവാവിന്റെ മൂക്കും പല്ലും തകർന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാൻ കഴിയാതെ ‘റെസ്പിറേറ്ററി അറസ്റ്റ്’ എന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ സമയം ഇല്ലാത്തതിനാൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ശ്വാസനാളം തുറക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.



