
ന്യൂഡല്‍ഹി: സ്വതന്ത്ര വ്യാപാര കരാറില്‍ (FTA) ഒപ്പ് വെച്ച് ഇന്ത്യയും ന്യൂസിലന്‍ഡും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2025 മാർച്ചില്‍ പ്രധാനമന്ത്രി ലക്സണിന്റെ ഇന്ത്യ സന്ദർശന വേളയിലാണ് കരാർ സംബന്ധിച്ച ചർച്ചകള്‍ ആരംഭിച്ചത്.
ഇരു രാജ്യങ്ങളുടെ വ്യാപാര മേഖലയ്ക്ക് നാഴികക്കല്ലാകുമെന്ന് വിലയിരുത്തപ്പെടുന്ന കരാര്‍ സാമ്പത്തിക ബന്ധങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അഭിലാഷപൂര്‍ണവും പരസ്പര പ്രയോജനകരവുമാണ് കരാര്‍ എന്ന് ഇന്ത്യയും ന്യൂസിലാന്റും പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ കരാർ സഹായിക്കും. അടുത്ത 15 വർഷത്തിനുള്ളില്‍ ന്യൂസിലൻഡില്‍ നിന്ന് ഇന്ത്യയിലേക്ക് 20 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരുവാനും കരാർ ലക്ഷ്യമിടുന്നു. ന്യൂസിലൻഡില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യും. നിലവില്‍ 1.1 ബില്യണ്‍ ഡോളറുള്ള ന്യൂസിലൻഡ് കയറ്റുമതി വരും ദശകങ്ങളില്‍ പ്രതിവർഷം 1.3 ബില്യണ്‍ ഡോളറായി വർദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


