
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ദിലീപ് കോടതിയില്‍.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയില്‍ പറയാത്ത പല കാര്യങ്ങളും ചാനലുകളിലൂടെ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ആരോപിച്ചു.
എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹർജിയിലാണ് അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ ദിലീപ് രംഗത്തെത്തിയത്.
അടച്ചിട്ട കോടതി മുറിയില്‍ നടക്കുന്ന അതീവ രഹസ്യമായ വാദങ്ങള്‍ പോലും ബോധപൂർവ്വം പുറത്തേക്ക് ചോർത്തുന്നുണ്ടെന്നും ഇത് വിചാരണയെ സാരമായി ബാധിക്കുന്നുണ്ടെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. സാക്ഷി ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെയും ദിലീപ് ഹർജിയില്‍ രൂക്ഷമായി വിമർശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുന്നതിന് പകരം ചാനലുകള്‍ക്ക് അഭിമുഖം നല്‍കാനാണ് അദ്ദേഹം താല്പര്യം കാണിച്ചതെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.
ചാനലുകളില്‍ അഭിമുഖം നല്‍കിയ ശേഷമാണ് ബാലചന്ദ്രകുമാർ പോലീസില്‍ മൊഴി നല്‍കിയത്. കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ അന്വേഷണ ഉദ്യോഗസ്ഥരടക്കം ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളില്‍ പങ്കാളികളാകുന്നത് കോടതിയുടെ അന്തസ്സിനെ ബാധിക്കുമെന്നും ദിലീപ് ആരോപിച്ചു. ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നത് കോടതി ജനുവരി 12-ലേക്ക് മാറ്റിയിരിക്കുകയാണ്.



