ജയിലിൽ കഴിയുന്ന തടവുകാർക്ക് സൗകര്യമൊരുക്കാൻ പണം വാങ്ങിയ ഡി ഐ ജി വിനോദ് കുമാർ കുടുങ്ങും: ശക്തമായ തെളിവ് കിട്ടിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്: അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ നിർദേശം.

Spread the love

തിരുവനന്തപുരം: ജയില്‍ ഡിഐ‌ജി വിനോദ് കുമാറിനെതിരായ കോഴക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയുടെ ബന്ധുവില്‍ നിന്നും വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്നാണ് വിവരം.

video
play-sharp-fill

ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകളും വിജിലൻസിന് ലഭിച്ചു.

പരോളിനും ജയിലില്‍ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരോള്‍ നല്‍കാനും പരോള്‍ നീട്ടി നല്‍കാനും തടവുകാരുടെ ബന്ധുക്കളില്‍ നിന്നും പണപ്പിരിവ്, ജയിലിനുള്ളില്‍ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനും കൈക്കൂലി വാങ്ങി എന്നിവയാണ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദ് കുമാറിന്റെ വഴിവിട്ട നടപടികള്‍ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയില്‍ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച്‌ ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍.

വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയെന്നതില്‍ വിജിലൻസിന് തെളിവ് ലഭിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടില്‍ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്.

സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരില്‍ നിന്നും പണം വാങ്ങിയിരുന്നുവെന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. മുൻപും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ട് വട്ടം സസ്‌പെൻഷനിലായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ.